ലോകത്തെ അമേരിക്കൻ മേധാവിത്വത്തിൻ്റെയും ഡോളറിൻ്റെയും കഥകഴിക്കുന്ന ഒരു ആരാച്ചാരുടെ റോളിലേക്കാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ മാറിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയും, ജനസംഖ്യയിൽ ഏറ്റവും വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് എതിരെ ഒന്നിക്കുന്ന ഒരു സാഹചര്യത്തെയാണ് ട്രംപ് ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങൾക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളും, ഇറാൻ , ഉത്തര കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ഇതിനകം തന്നെ അണിചേർന്നു കഴിഞ്ഞു. കൂടുതൽ രാജ്യങ്ങൾ വരും ദിവസങ്ങളിൽ അമേരിക്കയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ബ്രിക്സ് കൂട്ടായ്മ ഡോളറിനെതിരെ ഒരു ബദൽ ശക്തിയായി മാറുമെന്നും പുതിയ കറൻസി രൂപപ്പെടുമെന്നുമാണ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞർ ഉൾപ്പെടെ ട്രംപിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് സ്ഥാപിച്ച ബ്രിക്സ് കൂട്ടായ്മയിൽ, നാല് വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയും ചേർന്നിരുന്നു. അതിനുശേഷം കൂടുതൽ രാജ്യങ്ങൾ അംഗത്വത്തിൽ വന്നതോടെ വികാസം പ്രാപിച്ച ഈ കൂട്ടായ്മ മൊത്തത്തിലുള്ള ജിഡിപിയുടെ കാര്യത്തിൽ അമേരിക്ക നേതൃത്വം നൽകുന്ന ജി7 നെ ഇപ്പോൾ തന്നെ മറികടന്നിട്ടുണ്ട്. റഷ്യ, ഇന്ത്യ, ചൈന, ബ്രസിൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ, അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബ്രിക്സ് കൂട്ടായ്മ. ബ്രിക്സിൻ്റെ സംയുക്ത സമ്പദ് വ്യവസ്ഥ 60 ട്രില്യൺ ഡോളറാണെങ്കിൽ, ജി 7ൻ്റെ സമ്പദ് വ്യവസ്ഥ 45 ട്രില്യൺ ഡോളർ മാത്രമാണ്.
അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഇറ്റലി, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ജ7 നെ സംബന്ധിച്ച്, ബ്രിക്സിൻ്റെ ഈ മുന്നേറ്റം വൻ പ്രഹരമാണ്.
ALSO READ: ട്രംപിന്റെ നയം നമുക്കും ഭീഷണി? താരിഫ് യുദ്ധം കേരളത്തെ ബാധിക്കുന്നതെങ്ങനെ?
ആഗോള റിസർവ് കറൻസിയായ ഡോളറിനെ അട്ടിമറിക്കാൻ ബ്രിക്‌സ് അംഗ രാജ്യങ്ങൾ സംയുക്ത ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച്, ട്രംപ് പ്രഖ്യാപിച്ച അധിക താരിഫ് ഭീഷണിയെ നേരത്തെ തന്നെ ബ്രിക്‌സ് രാജ്യങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഇതോടെ പ്രകോപിതനായ ഡോണൾഡ് ട്രംപ്, യുക്രെയ്ൻ – റഷ്യ യുദ്ധം മുൻ നിർത്തി ഇന്ത്യയെയും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചില്ലങ്കിൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണി ഇന്ത്യ തള്ളിക്കളഞ്ഞതോടെയാണ് 50 ശതമാനം അധിക തീരുവ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. എന്നാൽ, അമേരിക്കയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് ഇന്ത്യയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റഷ്യയുമായി കൂടുതൽ വ്യാപാര കരാറുകളിൽ ഒപ്പിടാനും ചൈനയുമായി സഹകരിക്കാനുമാണ് ഇന്ത്യ നീക്കം നടത്തുന്നത്. ട്രംപിൻ്റെ തിരുവ ഭീഷണിക്കിടയിൽ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് പറന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 31ന് ചൈന സന്ദർശിക്കുന്നതും മാറുന്ന ലോക ക്രമത്തിലെ പുതിയ ചുവടുവെയ്പ്പാണ്. അമേരിക്കൻ ചേരിയെ സംബന്ധിച്ച്, ഇന്ത്യയുടെ ഈ നീക്കം ആശങ്കപ്പെടുത്തുന്നതാണ്.
ശത്രു രാജ്യങ്ങളായി അറിയപ്പെടുന്ന ചൈനയും ഇന്ത്യയും തമ്മിൽ ഒരു കാരണവശാലും സഹകരണമുണ്ടാകില്ലന്നാണ് ഇതുവരെ അമേരിക്ക ധരിച്ചു വച്ചിരുന്നത്. അവരുടെ ആ കണക്ക് കൂട്ടലാണ് ഇവിടെ പാളാൻ പോകുന്നത്.
യുക്രൈയിൻ സംഘർഷത്തിൽ വെടിനിർത്തൽ കരാർ റഷ്യയെ കൊണ്ട് അംഗീകരിപ്പിക്കാൻ റഷ്യൻ വ്യാപാര പങ്കാളികൾക്ക് മേൽ അധിക തിരുവ ചുമത്താനുള്ള ട്രംപിൻ്റെ തീരുമാനം ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണ്പ്ര മുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിൻ്റെ ഭീഷണി അമേരിക്ക അടുത്ത സുഹൃത്തായി കരുതുന്ന ഇന്ത്യ തന്നെ തള്ളിക്കളയുകയും ശത്രുവായി മാറുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും, ജനങ്ങളും ഒറ്റക്കെട്ടായാണ് അമേരിക്കയുടെ തിരുവ ചുമത്തലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമെ, റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന മറ്റൊരു രാജ്യമായ ചൈനയ്ക്ക് മേലും, കൂടുതൽ താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കത്തിന് ചൈനയും ഒരു വിലയും കൊടുക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം.
അമേരിക്കയുടെ താരിഫ് വർദ്ധനവിനെ നേരിടുന്നതിന് തങ്ങളുടെ രാജ്യത്തിൻ്റെ പരമാധികാര താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് റഷ്യയും ചൈനയും പ്രതിജ്ഞയെടുത്തിരിക്കുന്നത്.
ALSO READ: യുദ്ധരീതിയെ പൊളിച്ചെഴുതാൻ “ചൈനയുടെ ‘ചെന്നായ’ സൈന്യം: ആളില്ലാ യുദ്ധത്തിന്റെ പുതിയ അധ്യായം?
ഇതിനിടെ, ട്രംപിന് ശക്തമായ മറുപടി നൽകാൻ ബ്രിക്സ് നേതാക്കളുടെ യോഗം വിളിക്കണമെന്ന് ബ്രസിൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിക്സിൻ്റെ കരുത്തിൽ കൊച്ചു ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ പോലും അമേരിക്കയെ വെല്ലുവിളിക്കുന്നത് അസാധാരണ കാഴ്ചയായാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. “തങ്ങളുടെ ആഭ്യന്തര നയത്തെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള നിയമവിരുദ്ധ ശ്രമമാണ് തീരുവയിലൂടെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്” എന്നാണ് ബ്രസീൽ പ്രസിഡൻ്റ് ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യമാണ് ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയ്ക്കും 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അധിക തീരുവയ്ക്ക് മറുപടിയായി അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനുമായി ഇന്ത്യ കൂടുതൽ വ്യാപാര കരാറിൽ ഏർപ്പെടുമെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
അമേരിക്കയുടെ തീരുവ നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച റഷ്യൻ ഭരണകൂടം, ഇന്ത്യയുമായും ചൈനയുമായും മറ്റ് ബ്രിക്സ് രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ഡോളറിന് ബദൽ മറ്റൊരു കറൻസി കൊണ്ടു വരണമെന്ന അഭിപ്രായവും അംഗരാജ്യങ്ങളിൽ ശക്തമാണ്.
സാമ്പത്തിക കരുത്തിലും ആയുധ കരുത്തിലും അമേരിക്കൻ ചേരിക്ക് എത്രയോ മുകളിലാണ് ബ്രിക്സ് രാജ്യങ്ങൾ എന്നതിനാൽ, സൈനികമായി ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ഇനി അമേരിക്കയ്ക്കും നാറ്റോ രാജ്യങ്ങൾക്കും കഴിയുകയില്ല. അമേരിക്ക, ഇന്ത്യയെ ശത്രുവാക്കുന്നത് വലിയ അപകടം ചെയ്യുമെന്നാണ് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ജപ്പാനും ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ കരുതുന്നത്. ഇന്ത്യയുമായി അമേരിക്ക പിണങ്ങിയാലും തങ്ങൾ ആ പാത പിന്തുടരില്ലെന്നാണ് ഈ രാജ്യങ്ങളും മറ്റ് യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ പ്രധാനിയായ ഇന്ത്യയുമായുള്ള വ്യാപാരം നിർത്തലാക്കുന്നത് ചിന്തിക്കാൻ പോലും, അമേരിക്കൻ സഖ്യകക്ഷികൾക്ക് കഴിയുകയില്ല. ട്രംപിൻ്റെ കണക്കു കൂട്ടൽ ഇക്കാര്യത്തിലും പിഴക്കുമെന്നത് അതുകൊണ്ട് തന്നെ ഉറപ്പാണ്.
ട്രംപിൻ്റെ ഈ ഭ്രാന്തൻ നയങ്ങൾക്ക് എതിരെ അമേരിക്കയിലും എതിർപ്പ് ശക്തമാണ്. ഇന്ത്യയെ പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാജ്യത്തെ ശത്രുപക്ഷത്തേക്ക് പറഞ്ഞയക്കുന്നത്, ട്രംപിന് തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണെന്ന അഭിപ്രായം വരെ അമേരിക്കയിൽ നിന്നും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചേരിയെ ശക്തിപ്പെടുത്താനും നാറ്റോയെയും ജി 7 രാജ്യങ്ങളെയും ദുർബലപ്പെടുത്താനും മാത്രമേ ട്രംപിൻ്റെ നടപടികൾ വഴിവയ്ക്കൂ എന്നാണ് ഡെമോക്രാറ്റുകൾ ഉൾപ്പെടെ കരുതുന്നത്. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനിടയിലും അധിക തീരുവ ചുമത്തിയതിനെതിരെ ഭിന്നത രൂക്ഷമാണ്.
Express View
വീഡിയോ കാണാം….
The post തീരുവകൂട്ടി പുലിവാല് പിടിച്ചത് അമേരിക്ക, ഡോളറിന് ഇനി ‘ചരമഗീതം’ പാടാം ! ജി7 രാജ്യങ്ങളെ കടത്തി വെട്ടി ബ്രിക്സ് appeared first on Express Kerala.