സിലേഷ്യ: കായിക ലോകത്ത് വീറും വാശിയും നിറച്ചിട്ടുള്ള ഭാരത-പാക് ആവേശം ട്രാക്കിലേക്കും വ്യാപിക്കുന്ന കാഴ്‌ച്ചയാണ് 2020 ടോക്കിയോ ഒളിംപിക്‌സ് മുതല്‍ കണ്ടുവരുന്നത്. ജാവലിന്‍ ത്രോയില്‍ ഭാരതത്തിന്റെ നീരജ് ചോപ്രയും പാകിസ്ഥാന്റെ അര്‍ഷാദ് നദീമും കൊമ്പുകോര്‍ത്തുകൊണ്ടിരിക്കുന്നു. ഉടന്‍ തന്നെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരു താരങ്ങളും മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോക്കിയോയില്‍ നീരജ് ചരിത്രം കുറിച്ചപ്പോള്‍ അര്‍ഷാദ് മൂന്നാം സ്ഥാനത്തായി. ഏഷ്യന്‍ ഗെയിംസില്‍ നീരജിനോട് ഏറ്റുമുട്ടാന്‍ വീണ്ടും നദീം എത്തി. പക്ഷെ സ്വര്‍ണം നീരജ് ഏറിഞ്ഞെടുത്തു. അതേവര്‍ഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് രാജ്യത്തിനായി വീണ്ടും ചരിത്രം കുറിച്ച് ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
പിന്നീട് ഇരുവരും തമ്മിലുള്ള പോരാട്ടം കണ്ടത് കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്‌സിലാണ്. അന്ന് നീരജിനെ മറികടന്ന് നദീം സ്വര്‍ണം നേടി. അതിലുള്ള മധുരപ്രതികാരം വീട്ടാനുള്ള അവസരം പലകുറി കൈവന്നെങ്കിലും നടക്കാതെ പോയി. ഒടുവില്‍ കഴിഞ്ഞ മാസം പ്രഖ്യാപനം വന്നത് സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരുവരും ജാവലിന്‍ ത്രോയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നാണ്. ലോകത്തിലെ ജാവലിന്‍ ത്രോ താരങ്ങളും ആരാധകരും ആവേശത്തോടെ ഈ മത്സരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്. സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരുവരുടെയും പേര് ഇതേ വരെ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. വരുന്ന ശനിയാഴ്‌ച്ചയാണ് സിലേഷ്യ ഡയമണ്ട് ലീഗ് നടക്കേണ്ടത്. എന്‍ട്രി ലിസ്റ്റില്‍ ഇതുവരെ പേര് വന്നിട്ടില്ലാത്തതിനാല്‍ ഇരു താരങ്ങളും പിന്‍മാറിയെന്നുവേണം മനസ്സിലാക്കാന്‍.
ഈ മത്സരം നടന്നില്ലെങ്കിലും നീരജ്-അര്‍ഷാദ് നേര്‍ക്കുനേര്‍ പോരാട്ടത്തിനായി ഏറെ കാത്തിരിക്കേണ്ടിവരില്ല. അടുത്ത മാസം 13 മുതല്‍ 21വരെ ടോക്കിയോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലാസിക് ഏറ്റുമുട്ടല്‍ കാണാനാകും. ജാവലിന്‍ ത്രോയില്‍ നീരജ് ആണ് നിലവിലെ ജേതാവ്. 2023ല്‍ ബുഡാപെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചരിത്ര സ്വര്‍ണം നേടിയത്.