മിസൂറി: അമേരിക്കയുടെ മിസൂറിയിലുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് തിളക്കമാര്‍ന്ന ജയം. ലോകചാമ്പ്യന്‍ കൂടിയായ ഇന്ത്യക്കാരന്‍ ഗുകേഷിനെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്.
മറ്റൊരു മത്സരത്തില്‍ യുഎസിന്റെ ലെവോണ്‍ ആരോണിയോന്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും തോല്‍പിച്ചു. ഇതോടെ പ്രജ്ഞാനന്ദയും ലെവോണ്‍ ആരോണിയോനും ഒരു പോയിന്‍റോടെ മുന്നിട്ട് നില്‍ക്കുകയാണ്. ഓപ്പണിംഗില്‍ തന്നെ നല്ല പൊസിഷന്‍ കിട്ടിയതാണ് തന്റെ വിജയത്തിന് കാരണമായതെന്ന് പ്രജ്ഞാനന്ദ പറഞ്ഞു. വെള്ളക്കരുക്കള്‍ കൊണ്ടാണ് പ്രജ്ഞാനന്ദ കളിച്ചത്. ക്വീന്‍ ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന സാധാരണ ഓപ്പണിംഗിലായിരുന്നു കളിയെങ്കിലും ഏഴാമത്തെ നീക്കത്തിന് ഗുകേഷ് ധാരാളം സമയമെടുത്തു എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. 13ാം നീക്കത്തില്‍ ആനയെ (ബിഷപ്പ്) തെറ്റായ ഒരു കള്ളിയിലേക്ക് നീക്കിയത് ഗുകേഷിന്റെ വലിയ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ് കളി പ്രജ്ഞാനന്ദയ്‌ക്ക് അനുകൂലമായി മാറിയത്.
ലോകത്തിലെ മുന്‍നിര ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ മറ്റ് മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരായ സാം സെവിയനും വെസ്ലി സോയും തമ്മിലുള്ള മത്സരവും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയും പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡൂഡയും തമ്മിലുള്ള മത്സരവും ഫ്രഞ്ച് ഗ്രാന്‍റ് മാസ്റ്റര്‍മാരായ മാക്സിം വാചിയര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും തമ്മിലുള്ള മത്സരവും സമനിലയില്‍ പിരിഞ്ഞു. ആകെ പത്ത് റൗണ്ടുകളുള്ള മത്സരത്തില്‍ ഇനി ഒമ്പത് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.