തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് പൂരം. ആറു ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് ഉച്ചയോടെ തുടക്കമാകും. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്‌സും നിലവിലെ റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സും ഏറ്റുമുട്ടും.
മൂന്നാഴ്‌ച്ചക്കാലം, ആറ് ടീമുകള്‍, 33 മത്സരങ്ങള്‍. ആവേശപ്പോരിനൊപ്പം ഇളകിമറിയുന്നതിനൊപ്പം കേരളക്കരയ്‌ക്കാകെ പുത്തന്‍ താരോദയങ്ങള്‍ക്കായുള്ള കാത്തിരിപ്പിന്റെ ദിവസങ്ങള്‍ കൂടിയാണ് ആരംഭിക്കുന്നത്. റണ്ണൊഴുകുന്ന പിച്ചില്‍ കൂറ്റന്‍ സ്‌കോറുകള്‍ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നല്കുന്ന സൂചന.
അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫിന്‌സ് തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഓരോ ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്‌ക്ക് 2.30നാണ് ആദ്യ മത്സരം തുടങ്ങുക. രണ്ടാം മത്സരം വൈകീട്ട് 7.45നും. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45നായിരിക്കും രണ്ടാം മത്സരം. ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സപ്തംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഏഴിന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.
ആദ്യ മത്സരത്തിന് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. വര്‍ണാഭമായ പരിപാടിയില്‍ കെ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും.
തുടര്‍ന്ന് 7.45ന് ട്രിവാണ്‍ഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരം.
ആദ്യ സീസണെ അപേക്ഷിച്ച് കൂടുതല്‍ തയ്യാറെടുപ്പുകളോടെയും പുതുമകളോടെയുമാണ് രണ്ടാം സീസണ്‍ എത്തുന്നത്. അമ്പയര്‍മാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡിആര്‍എസ് സംവിധാനം ഇത്തവണ കെസിഎല്ലിലുമുണ്ട്. ഇത്തവണ മുഴുവന്‍ മല്‌സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ്- 3, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് പ്ലസിലൂടെ ഗള്‍ഫ് നാടുകളിലുള്ളവര്‍ക്കും മത്സരം കാണാന്‍ കഴിയും. കൂടാതെ, ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം ആസ്വദിക്കാം.