പൂനെയിൽ മോട്ടോർബൈക്ക് ഷോറൂം-കം-സർവീസ് സെന്ററിൽ തീപിടുത്തം. 60-ഓളം ഇരുചക്രവാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തിനശിച്ചതെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 25 ന് രാത്രി 8:30-ഓടെ താരാബാഗ് പ്രദേശത്തെ ബണ്ട് ഗാർഡൻ റോഡിലുള്ള ഒരു ടിവിഎസ് ഷോറൂമിലാണ് സംഭവം. ഷോറൂമിനൊപ്പം പ്രവർത്തിക്കുന്ന സർവീസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.
തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ച് കെട്ടിടത്തിൽ കുടുങ്ങിയ ഒരാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർ ടെൻഡറുകളും വാട്ടർ ടാങ്കറുകളും ചേർന്ന് ഏകദേശം മുപ്പത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.
കത്തിനശിച്ച വാഹനങ്ങളിൽ പുതിയതും അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്നതുമായ പെട്രോൾ, ഇലക്ട്രിക് വാഹനങ്ങളുണ്ട്. വാഹനങ്ങൾക്കുപുറമെ, ഇലക്ട്രിക്കൽ വയറിങ്ങുകൾ, യന്ത്രങ്ങൾ, ബാറ്ററികൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, രേഖകൾ എന്നിവയും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
The post അഗ്നിബാധയിൽ ചാമ്പലായത് 60-ഓളം ബൈക്കുകൾ; പൂനെയിലെ ഷോറൂമിൽ വൻ നാശനഷ്ടം appeared first on Express Kerala.