സാവോപോളോ: നെയ്‌മര്‍ക്ക് ബ്രസീല്‍ ടീമിലെത്താന്‍ ഇനിയും കാത്തിരിക്കണം. പരിക്ക് വിടാതെ പിന്തുടരുന്ന നെയ്‌മറെ ഒഴിവാക്കി അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു.
ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ മത്സരത്തിനുള്ള 23 അംഗ ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം നെയ്‌മര്‍ക്കു പുറമേ റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരെയും ഒഴിവാക്കി. യുവതാരം ലൂക്കാസ് പാക്വെറ്റയെ ടീമില്‍ ഉള്‍പ്പെടുത്തി. ബ്രസീലിന്റെ പരിശീലകനായ ശേഷം ഇതുവരെ നെയ്‌മറെ ഉള്‍പ്പെടുത്താന്‍ ആഞ്ചലോട്ടിക്കായിട്ടില്ല. പരിക്കാണ് നെയ്‌മര്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുന്നതെന്ന് ആഞ്ചലോട്ടി പറഞ്ഞു. കഴിഞ്ഞയാഴ്ച സാന്റോസ് എഫ്സിക്ക് വേണ്ടിയുള്ള മത്സരത്തില്‍ നെയ്‌മറുടെ കാലിന്റെ പേശിക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ ശേഷം നെയ്‌മര്‍ കരഞ്ഞുകൊണ്ടായിരുന്നു മൈതാനം വിട്ടത്.
റയല്‍ മാഡ്രിഡ് ഫോര്‍വേഡായ വിനീഷ്യസ് ജൂനിയറെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഒരു മത്സരത്തില്‍ വിലക്കുള്ളതിനാലാണ്. റോഡ്രിഗോയുടെയും പ്രശ്‌നം പരിക്കാണ്. ടീമിലേക്ക് തിരിച്ചെത്തിയ പാക്വെറ്റ ഇതിനകം അഞ്ച് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ആഞ്ചലോട്ടി പരിശീലകനായ ശേഷം പക്വേറ്റ ഇതാദ്യമായാണ് ടീമിലുള്‍പ്പെടുന്നത്. പക്വേറ്റ മികച്ച കളിക്കാരനും ബ്രസീലിന്റെ ഭാവി വാഗ്ദാനമാണെന്നും ആഞ്ചലോട്ടി ചൂണ്ടിക്കാട്ടി. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോളിനുടമയായ റിച്ചാലിസണ്‍ ടീമിലുണ്ട്. അതുപോലെ ബാഴ്‌സയുടെ മിന്നും താരം റാഫീഞ്ഞയും ടീമിലിടം നേടി. സെപ്റ്റംബര്‍ 4 ന് സ്വന്തം നാട്ടില്‍ ചിലിക്കെതിരെയും സെപ്റ്റംബര്‍ 9 ന് ലോകത്തെ തന്നെ ഏറ്റവും ഉയരെയുള്ള സ്‌റ്റേഡിയത്തില്‍ ബൊളീവിയക്കെതിരെയുമാണ് ബ്രസീല്‍ തങ്ങളുടെ അവസാന രണ്ട് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. അമേരിക്കയിലും ക്യാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
ബ്രസീല്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ ബെക്കര്‍, ബെന്റോ, ഹ്യൂഗോ സൗസ.
പ്രതിരോധനിര: അലക്സാന്ദ്രോ റിബെയ്റോ, അലക്സ് സാന്ദ്രോ, കായോ ഹെന്റിക്, ഡഗ്ലസ് സാന്റോസ്, ഫാബ്രിസിയോ ബ്രൂണോ, ഗബ്രിയേല്‍ മഗല്‍ഹെസ്, മാര്‍ക്വിഞ്ഞോസ്, വാന്‍ഡേഴ്സണ്‍.
മധ്യനിര: ആന്ദ്രേ സാന്റോസ്, ബ്രൂണോ ഗ്വിമെയ്‌റോസ്, കാസെമിറോ, ജോലിന്റണ്‍, ലൂക്കാസ് പാക്വെറ്റ.
മുന്നേറ്റനിര: എസ്റ്റേവോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ജോവോ പെഡ്രോ, കൈയോ ജോര്‍ജ്, ലൂയിസ് ഹെന്റിക്, മാത്യൂസ് കുഞ്ഞ, റാഫീഞ്ഞ, റിച്ചാര്‍ലിസണ്‍.