ഇത്തവണത്തെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്, പല കാരണങ്ങൾ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. ബി.ജെ.പി – ജെ.ഡി.യു സഖ്യത്തെ ഇത്തവണയും താഴെ ഇറക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് സാധിച്ചിട്ടില്ലങ്കിൽ, അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും സാരമായി ബാധിക്കും. ബീഹാറിലെ പ്രതിപക്ഷ ചേരിയെ നയിക്കാൻ ഇറങ്ങിയ രാഹുൽ ഗാന്ധി, അതിൻ്റെ ഭാഗമായാണ് വോട്ടർ അധികാർ യാത്ര’ സംഘടിപ്പിച്ചിരുന്നത്. ഈ യാത്രയിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എല്ലാ പാർട്ടികളും പങ്കെടുത്തതിനാലാണ്, യാത്ര വൻ വിജയമായതെങ്കിലും, എന്നിട്ടും ബീഹാർ ഭരണം പിടിക്കാൻ കഴിഞ്ഞില്ലങ്കിൽ, അത് രാഹുൽ ഗാന്ധിയുടെ കഴിവു കേടായാണ് ചിത്രീകരിക്കപ്പെടുക. പിന്നെ ലോകസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുന്നോട്ട് പോകാനും അദ്ദേഹത്തിന് പരിമിതിയുണ്ടാകും. ഇന്ത്യാ സഖ്യത്തിൽ നിന്നു തന്നെ രാഹുൽ നേതൃപദവി ഒഴിയണമെന്ന ആവശ്യം ഉയർന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് നിലവിലെ അവസ്ഥ. ബീഹാറിലെ 23 ജില്ലകളിലൂടെ കടന്നു പോയ ‘വോട്ടർ അധികാർ യാത്രയിൽ’ ബി.ജെ.പിക്ക് എതിരെയും തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഇന്ത്യാ സഖ്യം ഉന്നയിച്ചിരിക്കുന്നത്.
ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്രപുന:പരിശോധനയെന്ന പേരിൽ, ലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ്, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ഭാഗത്ത് നിന്നും നടക്കുന്നതെന്നാണ് പ്രധാന ആരോപണം.
2025 ഒക്ടോബർ – നവംബർ മാസങ്ങളിലായാണ് ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 243 അംഗ നിയമസഭയിൽ കഴിഞ്ഞ തവണ 125 സീറ്റുകൾ നേടിയാണ് ജെ.ഡി.യു ബി.ജെ.പി സഖ്യം അധികാരത്തിൽ വന്നിരുന്നത്. പിന്നീട് കോൺഗ്രസ്സിൽ നിന്നും ഉൾപ്പെടെ ചില എം.എൽ.എമാരെ ബി.ജെ.പി അവരുടെ പക്ഷത്ത് എത്തിക്കുന്ന സാഹചര്യവുമുണ്ടായി.
ആർ.ജെ.ഡി, കോൺഗ്രസ്സ്, ഇടതുപാർട്ടികൾ അടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് 110 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. തേജസ്വി യാദവിന്റെ ബീഹാർ മുഖ്യമന്ത്രിയാകാനുള്ള മോഹം എൻഡിഎ തകർത്തെങ്കിലും, അദ്ദേഹത്തിന്റെ ആർ.ജെ.ഡി 75 സീറ്റുകൾ നേടി എന്നു മാത്രമല്ല, 23.1 ശതമാനം വോട്ട് വിഹിതത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു. ആർ.ജെ.ഡി സഖ്യത്തിൽ 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾ 16 സീറ്റുകളിലും വിജയിച്ചപ്പോൾ, ഇതേ സഖ്യത്തിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ്സിന് വെറും 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിരുന്നത്.
അതായത്, കോൺഗ്രസ്സിന് അനുവദിച്ച സീറ്റുകളിലെ ദയനീയ തോൽവി ഒന്നു കൊണ്ടു മാത്രമാണ് ആർ.ജെ.ഡി സഖ്യത്തിന് ഭരണം നഷ്ടമായിരുന്നത്.
ALSO READ : ‘പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ‘; ആരോപണവുമായി ബിജെപി രംഗത്ത്
2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൻ.ഡി.എ മുന്നണിയുടെ പ്രചരണം നയിച്ചിരുന്നത്. സീറ്റുകളുടെ കാര്യത്തിൽ ബി.ജെ.പി നിലവിൽ രണ്ടാം സ്ഥാനത്താണുള്ളത്. 74 നിയമസഭാ സീറ്റുകളാണ് കഴിഞ്ഞ തവണ അവർക്ക് ലഭിച്ചത്. അതേസമയം വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ, ബി.ജെ.പി ആർജെഡിയേക്കാൾ വളരെ താഴെയാണ് എന്നതും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്, മൊത്തം പോൾ ചെയ്തതിന്റെ 19.5 ശതമാനം മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് ആകട്ടെ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു, നിതീഷിൻ്റെ പാർട്ടിയുടെ ആകെ വോട്ട് വിഹിതം 15.39 ശതമാനവും, സീറ്റുകളുടെ എണ്ണം 43ഉം ആണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ സ്ഥാനത്താണ് ജെഡിയുവിന് ഇത്തരമൊരു പ്രഹരം ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. 2015-ൽ ആർജെഡിയുമായി സഖ്യത്തിലായിരിക്കെയാണ് 7 1 സീറ്റുകൾ അവർക്ക് ലഭിച്ചിരുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അവസരവാദിയായാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിലയിരുത്തപ്പെടുന്നത്. മുന്നണികൾ മാറി മാറി പരീക്ഷിച്ച്, കഴിഞ്ഞ കുറേ കാലമായി ബീഹാർ ഭരിക്കുന്ന നിതീഷിനെ, ജനങ്ങൾക്കും ശരിക്കും മടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതൊരു തരംഗമായി പടർന്നാൽ, ബീഹാർ എൻ.ഡി.എയ്ക്ക് നഷ്ടമാകും. അതല്ലെങ്കിൽ, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ കാര്യത്തിലും ഒരു തീരുമാനമാകും.
Express View
വീഡിയോ കാണാം…
The post ബീഹാർ നിർണ്ണയിക്കും രാഹുലിൻ്റെ രാഷ്ട്രീയ ഭാവി, ഇടതിൻ്റെ പ്രകടനം പോലും കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലങ്കിൽ… appeared first on Express Kerala.