ആലപ്പുഴ: സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും ആലപ്പുഴയും ജേതാക്കളായി. ആലപ്പുഴ കപ്പക്കടയിലെ പുന്നപ്രയിലുള്ള ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 50-ാമത് സബ് ജൂനിയര്‍ കേരള സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോഴിക്കോട് പെണ്‍കുട്ടികള്‍ എറണാകുളത്തെ (69-18) പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആതിഥേയരായ ആലപ്പുഴ ആണ്‍കുട്ടികള്‍ കോഴിക്കോടിനെ (67-48 )പരാജയപ്പെടുത്തി പുതിയ ചാമ്പ്യന്മാരായി.
മൂന്നാം സ്ഥാന മത്സരത്തില്‍ എറണാകുളം ആണ്‍കുട്ടികള്‍ കോട്ടയത്തെ (53-52) പരാജയപ്പെടുത്തിയപ്പോള്‍ മലപ്പുറം പെണ്‍കുട്ടികള്‍ തൃശൂരിനെ (38-26) പരാജയപ്പെടുത്തി വെങ്കല മെഡല്‍ കരസ്ഥമാക്കി.
വിലപ്പെട്ട താരത്തിനുള്ള മാത്യു ഡി ക്രൂസ് പുരസ്‌കാരം ആണ്‍ വിഭാഗത്തില്‍ ആലപ്പുഴയുടെ റെക്സണ്‍ ആന്റണിയും പെണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ അക്ഷര കെയും തിരഞ്ഞെടുക്കപ്പെട്ടു. കായികരംഗത്തിനും കളിക്കാര്‍ക്കും നല്‍കിയ മികച്ച സംഭാവനകള്‍ക്ക് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ അന്തരിച്ച മാത്യു ഡിക്രൂസിന്റെ സ്മരണയ്‌ക്കായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കാലിക്കറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.