കണ്ണൂര്‍: കഴിഞ്ഞ കേരള പ്രീമിയര്‍ ലീഗിലെ മികച്ച താരം കെ. അജയ് കൃഷ്ണനെ സ്വന്തം ക്യാമ്പിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ്. കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയ മുത്തൂറ്റ് എഫ്എയുടെ ക്യാപ്റ്റനായിരുന്നു ഈ യുവ മധ്യനിരതാരം. സെമി ഫൈനലില്‍ അജയ് നേടിയ ഗോളിന്റെ മികവിലാണ് മുത്തൂറ്റ് ഫൈനലിലെത്തിയത്. സെമിയിലടക്കം അഞ്ച് ഗോളാണ് താരം നേടിയത്. കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള സീസണില്‍ മലപ്പുറം എഫ്‌സിക്ക് വേണ്ടി മിന്നും പ്രകടനവും താരം കാഴ്ചവെച്ചിരുന്നു.
ഒമ്പതാം വയസ്സില്‍ എംഎസ്പി മലപ്പുറം സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ കളി തുടങ്ങിയ അജയ് മുത്തൂറ്റിന് വേണ്ടി പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ മത്സരിച്ചു. ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ അക്കാദമി ടീമുകളായ എവര്‍ട്ടണ്‍, ടോട്ടനം, ക്രിസ്റ്റല്‍ പാലസ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തിരുന്നു. കൂടാതെ മുത്തൂറ്റിന് വേണ്ടി യൂത്ത് ഡവലപ്പ്‌മെന്റ് ലീഗും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ കിരീടവും ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും നേടി. കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം കേരള എഫ്സി., ബാസ്‌ക്കോ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌ക്കോ തുടര്‍ച്ചയായി രണ്ട് തവണ സെമി ഫൈനലിന് യോഗ്യത നേടിയപ്പോള്‍ അജയ് ടീമിലെ നിര്‍ണായക സാനിധ്യമായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയാണ്.