
നാഗർകോവിൽ: പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ അഞ്ചു വയസുകാരൻ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. തമിഴ്നാട്ടിലെ നാഗർകോവിൽ അഞ്ചുഗ്രാമത്തിനു സമീപത്താണ് സംഭവം. കുമാരപുരം തോപ്പൂർ സ്വദേശി സുന്ദരലിംഗം – സെൽവി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ ഒന്നര വയസുള്ള അർധസഹോദരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി.
ഭർത്താവിനെ ഉപേക്ഷിച്ച് നാട്ടുകാരനായ സെൽവമദൻ എന്നയാളിനൊപ്പമായിരുന്നു സെൽവി താമസിച്ചിരുന്നത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ ഒന്നര വയസുകാരൻ സെൽവമദനിൽ സെൽവിക്കുണ്ടായ കുട്ടിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളാണ് സെൽവിയെ കാണാനില്ലായിരുന്നു. സെൽവമദനും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ALSO READ: കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയടക്കം 5 പേർ പിടിയിൽ
കഴിഞ്ഞ മാസം രണ്ടാം തീയതി സെൽവിയെ കാണാതായെന്ന് സെൽവമദൻ അഞ്ചുഗ്രാമം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം കുട്ടികളെ സംരക്ഷിച്ചിരുന്നത് സെൽവമദനാണ്. 31നാണ് ഇയാളെ കാണാതാവുന്നത്. പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് ദുർഗന്ധമുയർന്നതോടെ അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതിൽ തകർത്തു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലുള്ള കുട്ടി ചികിത്സയിലാണ്. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാഞ്ഞതാണ് കുഞ്ഞിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാക്കിയതെന്നു കരുതുന്നു. ഡിവൈഎസ്പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
The post പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ അഞ്ചു വയസുകാരൻ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ appeared first on Express Kerala.









