
കണ്ണൂര്‍: കേരള സൂപ്പര്‍ ലീഗ് പുതിയ സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ ക്ലബ്ബിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ്. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഭവാനിപൂര്‍ എഫ്സിയില്‍ നിന്ന് ടി. ഷിജിനെയാണ് അവര്‍ ടീമിലെത്തിച്ചത്. സെന്റര്‍ ഫോര്‍വേര്‍ഡായും വിങ്ങറായും കളിക്കുന്ന ഷിജിന്റെ വരവ് വാരിയേഴ്‌സിന്റെ അറ്റാക്കിങ്ങിന് കരുത്തുകൂട്ടും.
ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഐ ലിഗ് ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ്, കേരള പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് ഷിജിന്‍. ഐ ലീഗില്‍ ഗോകുലത്തിന് വേണ്ടി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. ഗോകുലത്തിനായി 22 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.
2024ല്‍ ഹൈദരാബാദില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ റണ്ണറപ്പായ കേരള ടീമില്‍ അംഗമായിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ദല്‍ഹിക്കെതിരെ ഗോളും നേടിയിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസില്‍ വെള്ളി മെഡലും 2020ല്‍ ഭുവനേശ്വരില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ കേരള യുണിവേഴ്‌സിറ്റിക്ക് വേണ്ടി കിരീടവും നേടിയിട്ടുണ്ട്. 2018ല്‍ ആഗ്രയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ ഭാരതത്തിന് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.









