കാഠ്മണ്ഡു: തൊഴിലില്ലായ്മയും സാമൂഹ്യമാധ്യമ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിലും പ്രതിഷേധിച്ച് യുവതലമുറയിലെ ആയിരക്കണക്കിന് പേര്‍ കാഠ്മണ്ഡുവില്‍ നഗര തെരുവുകളില്‍ വന്‍ പ്രകടനം നടത്തി. പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അനേകര്‍ക്ക് പരിക്കേറ്റു. 26 സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിലും, വ്യാപകമായ അഴിമതിയിലും, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും പ്രതിഷേധിച്ചാണ് പ്രകടനം. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നുകയറിയതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി, തുടര്‍ന്ന് അധികാരികള്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാര്‍ലമെന്റിന് ചുറ്റുമുള്ള ബനേശ്വര്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]









