
ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2025 നാളെ മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ ആരംഭിക്കും. നഗരത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മാരത്തണ്‍ ഉള്‍പ്പെടെ ദീര്‍ഘദൂര മത്സര ഇനങ്ങള്‍ നേരത്തെയാക്കി. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ലോക കായിക മേളയുടെ ആദ്യ ദിവസമായ നാളെ 35 കിലോമീറ്റര്‍ നടത്തത്തിന്റെ ഫൈനല്‍ നടക്കും. പുതിയ സമയക്രമം അനുസരിച്ച് ഇതടക്കമുള്ളവ അര മണിക്കൂര്‍ നേരത്തെയായിരിക്കും ആരംഭിക്കുക. രാവിലെ എട്ടിന് ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരങ്ങള്‍ ഏഴരയോടെയാക്കി. നടത്തം കൂടാതെ മാരത്തണിനും പുതുക്കിയ സമയക്രമം ബാധകമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ 31 ഡിഗ്രിക്കു മേല്‍ ചൂട് ആണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ 31-34 ഡിഗ്രി വരെ ചൂട് ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ജപ്പാനില്‍ കഴിഞ്ഞ മാസം സൂര്യാഘാതമേറ്റ് മൂവായിരത്തിലേറെ പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാരത്തണിനായി നിശ്ചയിച്ചിട്ടുള്ള നിരത്തുകളില്‍ 185 വാട്ടര്‍ സ്റ്റോപ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന താരങ്ങളും കോച്ചുമാരടക്കമുള്ള ടീമംഗങ്ങള്‍ക്കുമായി സ്റ്റേഡിയത്തിലെ വിശ്രമകേന്ദ്രങ്ങളില്‍ താല്‍ക്കാലിക ശിതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൂട് മൂലം ഉണ്ടാകാനിടയുള്ള അവശതകള്‍ പരിഹരിക്കാനും ചികിത്സിക്കാനും മത്സര വേദികളിലെ മെഡിക്കല്‍ സംഘത്തില്‍ പ്രത്യേക വിഭാഗം ജാഗ്രതയോടെ നില്‍ക്കുന്നുണ്ട്. ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയമാണ് പ്രധാന വേദി. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ജപ്പാന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. നാളെ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് 21നാണ് അവസാനിക്കുക.









