
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ വരും സീസണില്‍ കേരള ടീമില്‍ ഇതര സംസ്ഥാന താരം ജലജ് സക്‌സേന ഉണ്ടാവില്ല. 2025-26 രഞ്ജി സീസണില്‍ ജലജ് മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടിയായിരിക്കും കളിക്കുക. വരും സീസണിലേക്ക് ജലജ് സക്‌സേനയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ആണ് തീരുമാനിച്ചത്. ചരിത്രത്തില്‍ ആദ്യമായി കേരളം കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ഫൈനലില്‍ എത്തിച്ചതടക്കം ഏതാനും വര്‍ഷങ്ങളായി കേരളത്തിന്റെ മികച്ച പ്രകടനത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു മധ്യപ്രദേശുകാരനായ ജലജ് സക്‌സേന.
38കാരനായ ജലജ് കേരള ടീമിലെത്തുന്നതിന് മുമ്പ് മധ്യപ്രദേശിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ജലജ് ഇതേവരെ 150 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 33.77 ശരാശരിയില്‍ 7060 റണ്‍സെടുത്തു. 14 സെഞ്ച്വറികളും 34 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. ഓഫ് സ്പിന്‍ ബൗളര്‍ കൂടിയായ സക്‌സേന 484 വിക്കറ്റുകളും നേടിയിട്ടുണ്ട്. അതില്‍ 34 ഇന്നിങ്‌സുകളില്‍ അഞ്ച് വികറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
ജലജ് സക്‌സേന ഇക്കുറി കേരള ടീമില്‍ ഉണ്ടാവില്ലെന്ന് കെസിഎ നേരത്തെ തന്നെ അറിയിച്ചതാണ്. പ്രായമേറിയ മാതാപിതക്കളുമായി സഞ്ചരിക്കേണ്ടിവരുന്നത് ദുഷ്‌കരമായതിനാല്‍ കരിയറില്‍ നിന്ന് താല്‍ക്കാലിക വിശ്രമമെടുക്കാന്‍ തീരുമാനിക്കുന്നുവെന്നാണ് അറിയിച്ചത്. പക്ഷെ ഇന്നലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹിത് പവാര്‍ ആണ് സക്‌സേന ടീമിലുണ്ടാകുമെന്ന് തീര്‍ച്ചപ്പെടുത്തിയത്.









