ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി.
പൈക്രോഫ്റ്റ് അടുത്ത മത്സരങ്ങളിലും തുടരും എന്ന് ഐസിസി വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പാകിസ്താന്റെ ആവശ്യം തള്ളിക്കളയുന്നത് വൻ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഐസിസി നടപടി സ്വീകരിക്കാത്ത പക്ഷം ഏഷ്യാകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന നിലപാട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിലും, ഇപ്പോൾ ആ ഭീഷണി പിൻവലിക്കുന്നതിലേക്കാണ് നീക്കമെന്ന് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
യുഎഇക്കെതിരായ അടുത്ത മത്സരത്തിൽ പാകിസ്താൻ ഇറങ്ങാൻ സാധ്യതയുണ്ട്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ യുഎഇ സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. ഇന്ത്യ ഇതിനകം സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ് പാകിസ്താൻ നായകൻ സൽമാൻ അലി ആഗയോട് നിർദ്ദേശിച്ചുവെന്നായിരുന്നു പിസിബിയുടെ ആരോപണം. ഇത് അധികാരപരിധി ലംഘനവും പക്ഷപാതവും ആണെന്ന് പാകിസ്താൻ ആരോപിച്ചു.
ഐസിസിയോടൊപ്പം ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക സ്ഥാപനമായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിരുന്നു. പൈക്രോഫ്റ്റിനെ പുറത്താക്കാത്ത പക്ഷം യുഎഇക്കെതിരായ മത്സരത്തിൽ നിന്ന് തന്നെ പിന്മാറുമെന്ന ഭീഷണിയും പിസിബി മുഴക്കിയിരുന്നു.
എന്നാൽ ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമാണെന്നും, നാണക്കേട് ഒഴിവാക്കാനായി ഒരു മുന്നറിയിപ്പ് നൽകുകയായിരുന്നു എന്നും ഐസിസി വിലയിരുത്തി. അദ്ദേഹത്തെ നീക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഐസിസി വ്യക്തമാക്കി.
ഇന്ത്യ-പാകിസ്താൻ മത്സരശേഷം പാകിസ്താൻ താരങ്ങൾ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും, ഇന്ത്യൻ താരങ്ങൾ അവഗണിച്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. സൂര്യകുമാർ യാദവും ശിവം ദുബെയും നേരിട്ട് മാറിയപ്പോൾ, ബാക്കിയുള്ള താരങ്ങളും സ്റ്റാഫും വരുമെന്ന പ്രതീക്ഷയും പാക് താരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ടീം ഡ്രസ്സിങ് റൂമിന്റെ വാതിൽ അടച്ചതോടെ പാക് താരങ്ങൾ നിരാശരായി മടങ്ങുകയായിരുന്നു.