ജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയായ ‘റെഡ് സീ ഡെസ്റ്റിനേഷൻ’ (ചെങ്കടൽ ലക്ഷ്യസ്ഥാനം) പദ്ധതിക്ക് പുതിയ നേട്ടം. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി, ഷൂറ ദ്വീപിലെ ആദ്യ റിസോർട്ട് അതിഥികൾക്കായി തുറന്നു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഫോസ്റ്റർ + പാർട്ണർസ് എന്ന ആഗോള വാസ്തുവിദ്യാ സ്ഥാപനം രൂപകൽപന ചെയ്ത ഷൂറ ദ്വീപിന് ഡോൾഫിന്റെ സ്വാഭാവിക ആകൃതിയാണുള്ളത്. ‘കോറൽ ബ്ലൂം’ ആശയത്തെ അടിസ്ഥാനമാക്കി ചുറ്റുമുള്ള പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദ്വീപിന്റെ രൂപകൽപന. ഈ ദ്വീപ് റെഡ് സീ ലക്ഷ്യസ്ഥാനത്തിന്റെ ഹൃദയഭാഗമായി മാറും.

റിസോർട്ടുകൾ ദ്വീപിന്റെ പ്രകൃതിദത്തമായ പരിസ്ഥിതിയുമായി ലയിച്ചുചേരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും ഊർജക്ഷമത വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഭാരം കുറഞ്ഞതും താപനില കുറഞ്ഞതുമായ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
റെഡ് സീ ലക്ഷ്യസ്ഥാനത്തെ മറ്റ് ഭാഗങ്ങളെപ്പോലെ ഷൂറ ദ്വീപും പൂർണമായും പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതിഥികൾക്ക് 3.3 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ഇലക്ട്രിക് കാർ വഴിയോ സ്പീഡ് ബോട്ട് വഴിയോ ദ്വീപിലെത്താൻ സാധിക്കും.
ഈ വർഷം ആദ്യഘട്ടത്തിൽ മൂന്ന് റിസോർട്ടുകളാണ് തുറക്കുന്നത്. 150 ആഡംബര മുറികളും അപ്പാർട്ട്മെന്റുകളും വില്ലകളും ഉൾക്കൊള്ളുന്ന എസ്.എൽ.എസ് റെഡ് സീ റിസോർട്ട്, 240 മുറികളും സ്യൂട്ടുകളും അത്യാധുനിക സ്പായും ഉള്ള റെഡ് സീ എഡിഷൻ, കൂടാതെ 178 മുറികളും 32 സ്യൂട്ടുകളും ഉൾപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ഇന്റർകോണ്ടിനെന്റൽ റെഡ് സീ റിസോർട്ട് എന്നിവയാണ് അവ. വരും മാസങ്ങളിൽ ദ്വീപിൽ 11 ലോകോത്തര റിസോർട്ടുകൾ ഘട്ടംഘട്ടമായി തുറക്കും. മിരാവൽ റെഡ് സീ, ഫോർ സീസൺസ് റെഡ് സീ എന്നിവ ഈ വർഷം തന്നെ തുറക്കുമെന്നും കമ്പനി അറിയിച്ചു.
റിസോർട്ടുകൾക്ക് പുറമെ ഈ മാസം തന്നെ ‘ഷൂറ ലിങ്ക്സ് ഗോൾഫ് കോഴ്സും’ തുറക്കും. രാജ്യത്തെ ഒരു ദ്വീപിൽ ആദ്യമായി നിർമിക്കുന്ന ഈ ഗോൾഫ് കോഴ്സ് മരുഭൂമിയിലെ ഭൂപ്രകൃതിയും പച്ചപ്പും സംയോജിപ്പിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 2023-ൽ അതിഥികളെ സ്വാഗതം ചെയ്യാൻ തുടങ്ങിയ ‘റെഡ് സീ ഡെസ്റ്റിനേഷൻ’ പ്രദേശത്ത് നിലവിൽ അഞ്ച് റിസോർട്ടുകളും, അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾ നടത്തുന്ന റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.