
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന കാര്യങ്ങള്‍ ഇനി എളുപ്പമാകും. അബ്ദുൽ റഹിം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളിയ കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു.
ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനി 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.
ALSO READ: സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്.
The post സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന കാര്യങ്ങള്‍ ഇനി എളുപ്പമാകും appeared first on Express Kerala.









