
ന്യൂദല്‍ഹി: ഈയിടെ ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ വനിതകളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ഇന്ത്യയുടെ വൈശാലി 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനായതോടെയാണ് വൈശാലിക്ക് ആ ഭാഗ്യം ലഭിച്ചത്.
ചെസ്സിലെ നിലവിലെ വനിതാ ലോകചാമ്പ്യനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള ആളെ കണ്ടെത്താന്‍ വേണ്ടി നടത്തുന്ന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്.. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ നേരത്തെ യോഗ്യത നേടിയിരുന്നു. ഫിഡെ വനിത ലോകകപ്പില്‍ ഒന്നും രണ്ടും സ്ഥാനം നേടിയതിനാലാണ് കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
പക്ഷെ പുരുഷവിഭാഗത്തില്‍ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും ആരും യോഗ്യത നേടിയിട്ടില്ല. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. പക്ഷെ അതില്‍ എത്തിച്ചേരാന്‍ ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, പ്രണവ് എന്നിവര്‍ക്കൊന്നും സാധിച്ചില്ല. ഡച്ച് താരം അനീഷ് ഗിരിയും ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോമുമാണ് ഒന്നും രണ്ടും സ്ഥാനക്കാരായത്. ഇവര്‍ 2026ലെ പുരുഷ വിഭാഗം കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കും. കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതിനകം യോഗ്യത നേടിയ മറ്റൊരാള്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയാണ്. 2024ലെ ഫിഡെ ലീഡര്‍ സര്‍ക്യൂട്ടില്‍ ഒന്നാം സ്ഥാനക്കാരനായതിനാലാണ് ഫാബിക്ക് അതിന് യോഗ്യത ലഭിച്ചത്.
പക്ഷെ പ്രജ്ഞനന്ദയ്‌ക്ക് മറ്റൊരു വഴിയില്‍ കാന്‍ഡിഡേറ്റ്സില്‍ കയറാന്‍ സാധിച്ചേക്കും. ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തിയവരുടെ റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ തന്നെയാണ് മുന്‍പില്‍. ഈ പട്ടികയെ ഫീഡെ ലീഡര്‍ ബോര്‍ഡ് എന്നാണ് പറയുക. ഇതില്‍ പ്രജ്ഞാനന്ദയാണ് ഒന്നാം സ്ഥാനത്ത്. ഓരോ ടൂര്‍ണ്ണമെന്‍റിലും ഇവര്‍ നേടുന്ന സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇവര്‍ക്ക് പോയിന്‍റുകള്‍ നല്‍കും. ഒടുവില്‍ എല്ലാ പോയിന്‍റുകളും കൂട്ടിയാല്‍ ആരാണോ മുന്‍പില്‍ നില്‍ക്കുന്നത് അവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാം. ഇതുവരെയുള്ള കണക്കനുസരിച്ച് പ്രജ്ഞാനന്ദയാണ് ഫിഡെ ലീഡര്‍ ബോര്‍ഡില്‍ മുന്‍പില്‍ നില്‍ക്കുന്നത്. പക്ഷെ ഫൈനല്‍ പോയിന്‍റ് അറിയാന്‍ 2025 ഡിസംബര്‍ വരെ കാത്തിരിക്കണം. കാരണം ഇനിയും പല മികച്ച അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്‍റുകളും നടക്കാനിരിക്കുന്നതേയുള്ളൂ.
ആകെ എട്ടുപേര്‍ക്കാണ് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ സാധിക്കൂ. അതില്‍ മൂന്ന് പേര്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഫിഡെ വേള്‍ഡ് കപ്പ് ചെസ്സില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ കയറാം. ഇതില്‍ അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍ എന്നിവരെല്ലാം ഫിഡെ വേള്‍ഡ് കപ്പില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഒരാളാകാന്‍ പരാമാവധി ശ്രമിക്കും.
പിന്നെ ഫിഡെ ബോര്‍ഡില്‍ ഏറ്റവുമധികം റേറ്റിംഗ് നേടിയ കളിക്കാരനും യോഗ്യത നേടാനാകും. ഇതുവരെ മാഗ്നസ് കാള്‍സനാണ് ആ സ്ഥാനത്ത് നില്‍ക്കുന്നത്. അതില്‍ നിന്നും കാള്‍സനെ മറികടക്കാന്‍ മറ്റാര്‍ക്കും ആകുമെന്ന് തോന്നുന്നില്ല. കാള്‍സന്‍ കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കുന്നില്ലെങ്കില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനെ പരിഗണിക്കും. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനായ യുഎസ് താരം ഹികാരു നകാമുറയ്‌ക്ക് നറുക്ക് വീഴും. മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് 2839 ആണെങ്കില്‍ ഹികാരു നകാമുറയുടെ റേറ്റിംഗ് 2807 ആണ്. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന ആള്‍ ഇപ്പോഴത്തെ പുരുഷവിഭാഗം ചാമ്പ്യനായ ഗുകേഷിനെയാണ് ലോകകപ്പ് കിരീടത്തിനായി നേരിടേണ്ടി വരിക.









