
തിരുവനന്തപുരം: 13 വയസ്സുള്ള ഭിന്നശേഷി കുട്ടിക്ക് സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പ്രവേശനം നൽകാത്ത സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. പാങ്ങാപ്പാറ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ കുട്ടിക്ക് അടിയന്തിരമായി പ്രവേശനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകാനും തടസ്സമില്ലാതെ ചികിത്സ നൽകാനും നടപടി സ്വീകരിക്കണം. പത്ത് മാസമായി കുട്ടിയുടെ പഠനം തടസ്സപ്പെടാൻ ഇടയാക്കിയ വിഷയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ഭിന്നശേഷി കുട്ടിയെ അപമാനിക്കുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലും ആരോപണങ്ങൾ ഉന്നയിച്ച പാങ്ങപ്പാറ സ്പെഷ്യൽ സ്കൂൾ ഡയറക്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കമ്മീഷൻ ചെയർപേഴ്സൺ ശ്രീ.കെ.വി.മനോജ്കുമാർ, അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവഷൻ ബെഞ്ചാണ് നിർദ്ദേശങ്ങൾ നൽകിയത്.
The post പാങ്ങാപ്പാറയിൽ 13 വയസ്സുള്ള ഭിന്നശേഷി കുട്ടിക്ക് അടിയന്തിരമായി പ്രവേശനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ appeared first on Express Kerala.









