
കരൂറിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതെ സമയം, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപവീതം നൽകുമെന്നാണ് വിജയ് വ്യക്തമാക്കിയത്. പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതം നൽകുമെന്നും താരം പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ വിജയ് എക്സിൽ കുറിച്ചു.
ALSO READ : ‘നിലവിളികൾ വിജയ് അവഗണിച്ചു’? കരൂർ റാലി ഒരു ദുരന്തമായത് എങ്ങനെ: ദൃക്‌സാക്ഷികൾ പറയുന്നു!
‘കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയവും മനസ്സും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ കടുത്ത ഭാരത്താൽ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൻ്റെ അതിയായ ദുഃഖത്തിനിടയിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ‘തമിഴക വെട്രി കഴകം’ ഉറപ്പായും നൽകുമെന്നും ഞാൻ ഉറപ്പുനൽകുന്നു. വിജയ് വ്യക്തമാക്കി.
അതേസമയം, വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മുഖ്യ സംഘാടകനെതിരെ പൊലീസ് കേസെടുത്തു. ടി.വി.കെയുടെ കരൂർ വെസ്റ്റ് ജില്ല പ്രസിഡൻറ് വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. വിജയ്‌യുടെ പാർട്ടിക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയ്‌ക്കെതിരെയും ഉടൻ കേസെടുത്തേക്കുമെന്നാണ് വിവരം. എന്നാൽ അറസ്റ്റ് പെട്ടെന്ന് ഉണ്ടാകില്ല. റിട്ട. ജസ്റ്റിസ് അരുണ ജഗദീന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ALSO READ: വേദി മാറ്റണമെന്ന പോലീസിന്റെ നിർദ്ദേശം ടിവികെ തള്ളി; 40 പേരുടെ മരണത്തിന് കാരണം നിയമലംഘനമോ?
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം (109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി(125 ബി) അധികൃതർ നൽകിയ ഉത്തരവുകൾ പാലിക്കാതിരിക്കൽ (223) എന്നീ വകുപ്പുകളാണ് ടി.വി.കെയുടെ കരൂർ വെസ്റ്റ് ജില്ല പ്രസിഡൻറിനെതിരെ ചുമത്തിയിരിക്കുന്നത്.
കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന വമ്പൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30നാണ് ദുരന്തമുണ്ടായത്. ഉച്ചക്ക് 12 മണിക്ക് തീരുമാനിച്ച പരിപാടിയിൽ ആറ് മണിക്കൂർ വൈകിയാണ് താരം എത്തിയത്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിന് മുകളിൽ കയറി വിജയ് സംസാരിക്കുമ്പോഴാണ് സംഭവം. ചൂടും തിരക്കും കാരണം പലരും കുഴഞ്ഞ് വീഴുകയായിരുന്നു. തിക്കിലും തിരക്കിലും എട്ട് കുട്ടികളും 16 സ്ത്രീകളുമടക്കം 39 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 52 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ALSO READ : ആംബുലൻസിന്റെ സേവനം തടസ്സപെടുത്തിയത് ടിവികെ പ്രവർത്തകർ ? വെളിപ്പെടുത്തലുമായി ആംബുലൻസ് സർവീസ് ഉടമ
വിവരമറിഞ്ഞതോടെ ഉടൻ സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ട് മന്ത്രിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്നലെ രാത്രി തന്നെ കരൂരിലേക്ക് തിരിച്ച സ്റ്റാലിൻ ഇന്ന് പുലർച്ചെ സ്ഥലത്തെത്തി. തിരുച്ചിയിൽനിന്നും സേലത്തുനിന്നും കൂടുതൽ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ട്.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ് ഈ മാസം സംസ്ഥാന പര്യടനം തുടങ്ങിയത്. രണ്ടാംഘട്ട പര്യടനം ശനിയാഴ്ച നാമക്കലിൽനിന്നാണ് തുടങ്ങിയത്. വൻ ജനക്കൂട്ടം എത്തുന്നതിനാൽ പൊലീസ് കർശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നൽകിയിരുന്നത്. സമയക്രമം പാലിക്കണമെന്നും പൊതുസ്വത്തുക്കൾ നശിപ്പിക്കരുതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും നിർദേശം നൽകിയിരുന്നു. തിരുച്ചിയിൽ കഴിഞ്ഞ ആഴ്ച നടന്ന റാലിക്കിടെ പൊതുസ്വത്തുക്കൾ നശിപ്പിച്ചതിനെതുടർന്ന് മദ്രാസ് ഹൈകോടതി ശക്തമായി ഇടപെട്ടിരുന്നു.
The post കരൂർ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം, പരിക്കേറ്റവർക്ക് 50,000 രൂപവീതം appeared first on Express Kerala.









