
മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതിനുശേഷം ഒഴിഞ്ഞുകിടന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് മന്‍ഹാസ് മാത്രമായിരുന്നു ഏക സ്ഥാനാര്‍ത്ഥി . രാജീവ് ശുക്ല വൈസ് പ്രസിഡന്റായും ദേവജിത് സൈകിയ ബോര്‍ഡ് സെക്രട്ടറിയായും തുടരും. മുന്‍ കര്‍ണാടക, ഇന്ത്യന്‍ സ്പിന്നര്‍ രഘുറാം ഭട്ട് ആണ് ട്രഷറര്‍. മുന്‍ ട്രഷററായ പ്രഭ്‌തേജ് സിംഗ് ഭാട്ടിയയാണ് പുതിയ ജോയിന്റ് സെക്രട്ടറി.
എസ്. ശരത് , സുബ്രതോ ബാനര്‍ജി എന്നിവര്‍ക്ക് പകരം മുന്‍ ഇന്ത്യന്‍ ബൗളര്‍മാരായ പ്രഗ്യാന്‍ ഓജ , ആര്‍.പി. സിങ് എന്നിവര്‍ സീനിയര്‍ നാഷണല്‍ പുരുഷ സെലക്ഷന്‍ പാനലില്‍ ഇടം നേടി. 2026 ഒക്ടോബര്‍ വരെ കാലാവധിയുള്ള അജിത് അഗാര്‍ക്കറാണ് കമ്മിറ്റിയെ നയിക്കുന്നത്, അജയ് രത്ര, എസ്.എസ്. ദാസ് എന്നിവരും കമ്മിറ്റിയിലുണ്ട്. ബാനര്‍ജിയുടെ കാലാവധി കഴിഞ്ഞതോടെ തിലക് നായിഡുവിനു പകരം ശരത്തിനെ ജൂനിയര്‍ സെലക്ഷന്‍ പാനലിലേക്ക് മാറ്റി. ഹര്‍വീന്ദര്‍ സോധി, രണദേബ് ബോസ്, പാതിക് പട്ടേല്‍, കൃഷ്ണ മോഹന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റുള്ളവര്‍.
മിസോറാമിലെ ഖൈറുള്‍ ജമാല്‍ മജുംദാറിന് പകരക്കാരനായി മുന്‍ സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയദേവ് ഷായെയും ബിസിസിഐയുടെ അപെക്‌സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.









