
വർഷം 1970. അന്ന് പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന മാഹിയിൽ ഒരു പ്രീഡിഗ്രി കോളേജ് ആരംഭിച്ചു. കഷ്ടി 15 വയസ് മാത്രം പ്രായമുള്ള ഒരു പയ്യൻ, ആർ എസ് എസ് ആക്രമണത്തിൽ പരിക്കേറ്റ്, ദീർഘകാലം ആശുപത്രിയിലും, പിന്നീട് കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിന്റെ നിർദേശം കാരണം മദിരാശിയിലെ ബന്ധുവിന്റെ ചിട്ടിക്കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്ത ശേഷം, നാട്ടിൽ തിരിച്ചെത്തി, മാഹിയിലെ അതെ പ്രീഡിഗ്രി കോളേജിൽ ജോയിൻ ചെയ്തു. കോളേജ് പ്രവേശനത്തിന് ശേഷം വളരെ വൈകിയാണ്, അവന്റെ രാഷ്ട്രീയ ജാതകം പ്രിൻസിപ്പാൾ രവീന്ദ്രൻ്റെ കൈയ്യിൽ എത്തുന്നത്. തലശേരിയിലെ DYSP ഓഫീസിൽ നിന്നും കൊടുത്തയച്ച ആ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു; “ഈങ്ങയിലപ്പീടികയിൽ നിന്നും പഠിക്കാൻ വരുന്ന ബാലകൃഷ്ണൻ എന്ന വിദ്യാർത്ഥി കുഴപ്പക്കാരൻ ആണ്, അയാളെ സൂക്ഷിക്കണം”. പിന്നീട് പലരും പല തവണ ഇതേ വാക്ക് പരസ്യമായും രഹസ്യമായും ആവർത്തിച്ചിട്ടുണ്ട്, “അയാളെ സൂക്ഷിക്കണം”!
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനശ്വരനായ നേതാവ് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു അന്നത്തെ ആ പയ്യൻ. 1953 നവംബർ 16-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് കോടിയേരി ഗ്രാമത്തിൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി ജനിച്ച്, പതിനഞ്ചാം വയസിൽ, ആർ എസ് എസ് ആക്രമണം ഏറ്റുവാങ്ങി, പിന്നീടങ്ങോട്ട് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത സാന്നിധ്യമായി വളർന്ന സഖാക്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവ്, മികച്ച കമ്മ്യൂണിസ്റ്റ്, സംഘടനാ പാടവം കൊണ്ടും രാഷ്ട്രീയ അവധാനത കൊണ്ടും എതിരാളികളെ പോലും വിസ്മയിപ്പിച്ച പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ. 1970 -ൽ സിപിഎം ന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പഴയ രൂപമായിരുന്ന കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ, രാഷ്ട്രീയ പ്രവേശനം. പിന്നീട് 1973 മുതൽ 1979 വരെ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം 16 മാസം ജയിൽവാസം അനുഭവിച്ചു. 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു.

1982-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വീണ്ടും 1987, 2001, 2006, 2011 വർഷങ്ങളിലും തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. 2001 മുതൽ 2006 വരെയും, 2011 മുതൽ 2016 വരെയും കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിച്ചു. 2006-2011 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 1988-ൽ സി.പി.എം സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.1990 മുതൽ 1995 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 2002-ൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായി. 2008-ൽ പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായി, അത് മരണം വരെ തുടർന്നു. 2015-ൽ സി.പി.എം കേരള സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ലും 2022-ലും വീണ്ടും അത് ആവർത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2022 ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞു. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ ചീഫ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 68-ാം വയസിൽ അർബുദ രോഗം ബാധിച്ച് ഈ ഭൂമിയിൽ നിന്നും വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ ഇനിയുമൊരുപാട് ബാക്കിയുണ്ടായിരുന്നു. കേരളത്തിന് അനവധി നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ എന്ന സി പി എമ്മിന്റെ അനിഷേധ്യ നേതാവ് ഓർമ്മയായിട്ട് ഇന്നേക്ക് 3 വർഷം തികയുകയാണ്.
രണ്ടാം ടേം പൂർത്തിയാക്കാനൊരുങ്ങുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ കടുത്ത വിമർശങ്ങളിലൂടെയും രാഷ്ട്രീയ പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ ഒരുതവണയെങ്കിലും കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പോലും ഇന്ന് കേരളത്തിൽ ഉണ്ടാവില്ല. ഏത് ഭീകര പ്രതിസന്ധിയെയും ചിരിയോടെ നേരിടുന്ന, തികഞ്ഞ ശാന്തതയോടെ കൈകാര്യം ചെയ്യുന്ന കോടിയേരി എന്ന നേതാവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല കേരള രാഷ്ട്രീയത്തിന് തന്നെ തീർത്താൽ തീരാത്ത നഷ്ടമാണ്. നയതന്ത്രപരമായ നീക്കങ്ങളിലൂടെയും സൗഹൃദപരമായ സമീപനത്തിലൂടെയും രാഷ്ട്രീയ എതിരാളികൾക്കിടയിൽ പോലും മതിപ്പു നേടിയ കോടിയേരി കേരളത്തിന്റെ സി പി എമ്മിന്റെ വ്യത്യസ്ത മുഖമായിരുന്നു.
Also Read: ‘കോടിയേരിയുടെ ഊർജ്ജം നമുക്ക് കരുത്താകട്ടെ’: മുഖ്യമന്ത്രി
പിണറായി വിജയൻ സർക്കാരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന ഒരു വകുപ്പാണ് പോലീസ് വകുപ്പ്. എന്നാൽ അതെ വകുപ്പിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പോലീസിന് ഒരു ജനകീയ മുഖം നൽകിയത് അദ്ദേഹമായിരുന്നു. പോലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറച്ച് സൗഹൃദം സ്ഥാപിക്കുന്നതിനായി ജനമൈത്രി സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിശീലനം ലഭിച്ച സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ബീറ്റ് ഓഫീസർമാരെ പൗരന്മാരുമായി നേരിട്ട് സംവദിക്കാനായി വിന്യസിച്ചു. ഈ കമ്യൂണിറ്റി പോലീസിംഗ് സംരംഭം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ മികച്ച വിജയം കൈവരിച്ചു.
പോലീസ് വകുപ്പിലെ സുപ്രധാനമായ നിയമപരമായ പരിഷ്കാരമായ കേരള പോലീസ് ആക്ട് 2011 കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു. ഈ നിയമമാണ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റി പോലുള്ള വിവിധ പരിഷ്കാരങ്ങൾക്ക് രൂപം നൽകിയത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കിയ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി പിന്നീട് ഇന്ത്യയിലുടനീളം ശ്രദ്ധേയമായി. വിദ്യാർത്ഥികളിൽ പൗരബോധം, നിയമബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്നും കേരളത്തിലെ സ്കൂളുകളിൽ ആ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.
കഴിഞ്ഞിട്ടില്ല, കസ്റ്റഡി മരണങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. സ്ഥാനമേറ്റയുടൻ പോലീസിൻ്റെ ‘തേർഡ് ഡിഗ്രി’ മർദ്ദനമുറകൾ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. കേരള പോലീസിന് ഒരു ആധുനിക മുഖം നൽകാനും, പൊതുജനങ്ങളുമായി കൂടുതൽ അടുക്കാനുമുള്ള കമ്യൂണിറ്റി പോലീസിംഗ് ആശയങ്ങൾക്ക് തുടക്കമിട്ടതിലൂടെ, കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായി കോടിയേരി ബാലകൃഷ്ണൻ മാറി.
കോടിയേരി ബാലകൃഷ്ണൻ്റെ രാഷ്ട്രീയ ജീവിതം കേവലം സ്ഥാനമാനങ്ങളിലോ അധികാരത്തിലോ ഒതുങ്ങുന്നതായിരുന്നില്ല. സംഘടനാപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളോട് പോലും അദ്ദേഹം പുലർത്തിയ സൗമ്യമായ സമീപനം (Affable Disposition) അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമാക്കി മാറ്റി. പാർട്ടിയിലെ സൗഹൃദത്തിൻ്റെ പാലമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിച്ചത് ഈ സ്വഭാവം കൊണ്ടാണ്.
ഒരു മികച്ച ഭരണാധികാരി, അസാമാന്യ സംഘാടകൻ, ശക്തനായ പാർലമെൻ്റേറിയൻ, സ്നേഹസമ്പന്നനായ സഖാവ് എന്നീ നിലകളിൽ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പങ്ക് കേരളത്തിൻ്റെ പുരോഗമന രാഷ്ട്രീയ ചരിത്രത്തിൽ മായാതെ നിൽക്കും. കാൻസറിനോട് ധീരമായി പോരാടിയപ്പോഴും, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരടി പിന്നോട്ട് പോകാതിരുന്ന അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യം ഓരോ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ഒരു പാഠമാണ്.
Also Read: ‘ആർഎസ്എസ് രാജ്യത്തിന് ഭീഷണി’: മോദിയുടെ പ്രശംസയ്ക്ക് മറുപടിയായി പട്ടേൽ കത്തുമായി കോൺഗ്രസ്
“ചിരിക്കുന്ന മുഖമുള്ള കമ്മ്യൂണിസ്റ്റ്” എന്ന വിശേഷണം പോലെ, ചിരി മായാതെ രാഷ്ട്രീയ പോരാട്ടങ്ങളെ നേരിട്ട ആ ജനകീയ നേതാവ്, കേരള രാഷ്ട്രീയത്തിൽ ഒരു ശൂന്യത അവശേഷിപ്പിച്ചാണ് വിടവാങ്ങിയത്. അദ്ദേഹത്തിൻ്റെ ഓർമ്മകളും സംഭാവനകളും വരും തലമുറകൾക്ക് രാഷ്ട്രീയ പാതയിൽ വഴികാട്ടിയായി എക്കാലവും നിലനിൽക്കും.
വീഡിയോ കാണാം
The post ഇടതുപക്ഷം പ്രതിരോധത്തിലാവുമ്പോൾ തീപ്പന്തമാവുന്ന നേതാവ്! കോടിയേരി ഓർമ്മയായിട്ട് 3 വർഷം appeared first on Express Kerala.









