
ഫോര്‍ഡെ(നോര്‍വേ): വലത് കൈയ്യുടെ തള്ളവിരലിന് പ്രശ്‌നങ്ങള്‍ മാറിയിട്ടില്ല, എന്നിട്ടും ഭാരതത്തിനായി മിരാഭായ് ചാനു ലോക വെയിറ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. 48 കിലോ ക്ലാസ് ഇനത്തില്‍ ആദ്യമായി മത്സരിച്ചാണ് ചാനുവിന്റെ മെഡല്‍ നേട്ടം. മൂന്ന് ലോക വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടാന്‍ ഈ മണിപ്പൂരുകാരിക്ക് സാധിച്ചു.
ടോക്കിയോ ഒളിംപിക്‌സ് വെള്ളി നേട്ടത്തിലൂടെ വരവറിയിച്ച ചാനു കഴിഞ്ഞ വര്‍ഷം പാരീസില്‍ പരിക്ക് കാരണം മെഡല്‍ നേടാനാകാതെ പോയി. പിന്നീട് മാസങ്ങളോളം ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ചാനു ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ മാസം അഹമ്മദാബാദില്‍ നടന്ന കോമണ്‍ വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെയാണ് തിരിച്ചുവരവ് നടത്തിത്. അതിന് പിന്നാലെയാണ് ഇന്നലത്തെ വെള്ളി നേട്ടം.
2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ ചാനു 2022ല്‍ 49 കിലോയിലൂടെ വെള്ളി നേട്ടം കൈവരിച്ചു. കൈയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ ശരീര ഭാരം കൊണ്ടുള്ള പ്രശ്‌നങ്ങളും തനിക്കുണ്ട്, ഇത് വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പായാണ് കണക്കാക്കുന്നതെന്ന് ചാനു അറിയിച്ചു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ സജീവമാകുന്നത് ചാനുവിന് ഏഷ്യന്‍ ഗെയിംസില്‍ ഗുണം ചെയ്യുമെന്ന് പരിശീലകന്‍ വിജയ് ശര്‍മയും പറഞ്ഞു.









