
തിരുവനന്തപുരം : അച്ഛന്‍ വാങ്ങി തന്ന പോള്‍ വെറുതെ ആയില്ല. അതിന് പകരം വെള്ളി നേടി അച്ഛന് സമ്മാനിച്ച് കൊച്ചു മിടുക്കി ശ്രീയ ലക്ഷ്മി. പോള്‍ വോള്‍ട്ടില്‍ 2.50 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ശ്രീയ വെള്ളി അച്ഛന് സമ്മാനിച്ചത്.
സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ കാസര്‍ഗോഡ് ജില്ലയ്‌ക്ക് വേണ്ടി മത്സരിക്കുകയായിരുന്നു ശ്രീയ.ജി. എച്ച്. എസ്. എസ്. ബുധനൂരിലെ വിദ്യാര്‍ത്ഥിനിയായ ശ്രീയ തൃക്കരിപ്പൂര്‍ വൈക്കത്ത് വീട്ടില്‍ രമേശിന്റയും ബബിതയുടേയും മകളാണ്. രണ്ടാം തവണയാണ് ശ്രീയ ലക്ഷ്മി സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നത്. അന്ന് അഞ്ചാം സ്ഥാനമായിരുന്നു ലഭിച്ചത്.
നാല് വര്‍ഷമായി സ്‌പോര്‍ട്‌സില്‍ ഉണ്ടെങ്കിലും മത്സരത്തിന് വേണ്ടി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു. ആദ്യമൊക്കെ മുള വെച്ചാണ് ശ്രീയ പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് ഇന്റല്‍ മണി 10 കുട്ടികള്‍ക്കായി പോള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആദ്യമായി ഒരു പോള്‍ ശ്രീയയുടെ കൈകളില്‍ എത്തുന്നത്.
പക്ഷേ പോളിന് വലിപ്പം കൂടുതലായതിനാല്‍ ശ്രീയയ്‌ക്ക് നന്നായി പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അച്ഛന്‍ മറ്റൊരു പോള്‍ വാങ്ങി നല്‍കുയായിരുന്നു. അതില്‍ പിന്നീട് പ്രാക്ടീസ് ചെയ്താണ് ശ്രീയ ഈ നേട്ടം കൈവരിച്ചത് ബിനീഷ് ജേക്കബ് എന്ന പരിശീലകന്റെ കീഴിലാണ് ശ്രീയ ഒരു വര്‍ഷമായി പ്രാക്ടീസ് ചെയ്തിരുന്നത്.









