
ലണ്ടൻ: ഐ.സി.സി ടൂർണമെന്റുകളിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരക്രമം തയ്യാറാക്കുന്നതിലെ ‘തട്ടിപ്പ്’ അവസാനിപ്പിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്ക് അതേർട്ടൺ. ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങൾ ആളിക്കത്തിക്കുന്ന വിധത്തിൽ മത്സരങ്ങൾ ആസൂത്രണം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അതേർട്ടൺ തുറന്നടിച്ചു.
അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ, ഫൈനലിൽ ഉൾപ്പെടെ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയിരുന്നു. ഈ മത്സരങ്ങൾക്കിടെ ഉണ്ടായ വിവാദങ്ങളുടെയും മറ്റ് പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് അതേർട്ടൺ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്. വൻ വാണിജ്യ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ടൂർണമെന്റുകളിൽ ഈ മത്സരങ്ങൾ വീണ്ടും വീണ്ടും ആസൂത്രണം ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം.
Also Read: ഗിൽ വേണ്ട, മറ്റൊരാൾ മതി! ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് റോബിൻ ഉത്തപ്പ നിർദ്ദേശിച്ച താരം ആര്?
2013 മുതലുള്ള എല്ലാ ഐ.സി.സി ടൂർണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഏറ്റുമുട്ടിയ രീതിയെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് അതേർട്ടൺ ചോദ്യം ചെയ്തു. ഐ.സി.സി മത്സരക്രമം തയ്യാറാക്കുന്നത്, ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം തുടക്കത്തിൽ തന്നെ അനിവാര്യമാണ് എന്ന തരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ക്രിക്കറ്റിലൂടെ സമാധാനവും സന്തോഷവുമാണ് ഉണ്ടാകേണ്ടത്. എന്നാൽ, ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ഇപ്പോൾ സംഘർഷത്തിനുള്ള ഉപാധിയായി മാറുകയാണ്. ഇതിന് ഐ.സി.സിക്കും ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക ലാഭത്തിനായി നടത്തുന്ന ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കണം,” അതേർട്ടൺ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്ന തരത്തിൽ മത്സരക്രമം തയ്യാറാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ‘ബിസിനസ് തന്ത്രം മാത്രം’: ഇന്ത്യ-പാക് മത്സരങ്ങളിലെ ‘തട്ടിപ്പിനെ’ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ appeared first on Express Kerala.









