
ന‍്യൂദൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ഇന്ത‍്യ. വിൻഡീസ് ഉയർത്തിയ 121 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 108 പന്തിൽ 58 റൺസ് നേടിയ രാഹുൽ രണ്ട് സിക്സും ആറ് ഫോറും അടിച്ചെടുത്തു.
രാഹുലിനു പുറമെ സായ് സുദർശൻ (39) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇൻഡീസിനു വേണ്ടി ക‍്യാപ്റ്റൻ റോസ്റ്റൺ ചേസ് രണ്ടും ജോമൽ വാരിക്കാൻ ഒരു വിക്കറ്റും വീഴ്‌ത്തി. സായ് സുദർശൻ, ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (13) എന്നിവരുടെ വിക്കറ്റാണ് അഞ്ചാം ദിനം ഇന്ത‍്യക്ക് നഷ്ടമായത്. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നേരത്തെ തന്നെ ടീമിനു നഷ്ടമായിരുന്നു.
ഫോളോ ഓണിനിറങ്ങിയ വിൻഡീസ് നാലാം ദിവസമായ ഇന്നലെ 390 റൺസിന് ആൾഔട്ടായതോടെ 121 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങിയത്. 115 പന്തുകൾ നേരിട്ട ജോൺ 12 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 115 റൺസും 214 പന്തുകൾ നേരിട്ട ഷായ് ഹോപ്പ് 12 ബൗണ്ടറിയും 2 സിക്സും അടക്കം 103 റൺസും നേടി. ജോണിനെ ജഡേജയും ഷായ് ഹോപ്പിനെ സിറാജുമാണ് പുറത്താക്കിയത്.
ആദ്യ ഇന്നിംഗ്സിൽ 518/5 എന്ന സ്‌കോറിന് ഡിക്ളയർ ചെയ്തിരുന്ന ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 248 റൺസിന് അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യ വിൻഡീസിനെ ഫോളോഓണിനിറക്കുകയായിരുന്നു.









