സലാല: ദോഫാർ ഗവർണറേറ്റിൽ സാമ്പത്തിക നിക്ഷേപ പ്രവർത്തനങ്ങൾ സജീവം. ദോഫാർ ഗവർണറേറ്റിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മേഖലകളിൽ ഈവർഷം ആദ്യ പകുതിയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. പുതിയ നിക്ഷേപങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ലൈസൻസുകൾ എന്നിവയുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഗവർണറേറ്റുകളെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള ഒമാന്റെ സ്വപ്നപദ്ധതിയായ ‘ഒമാൻ വിഷൻ 2040’ ലേക്കുള്ള യാത്രയിൽ പ്രധാന ചുവടുവെപ്പായാണ് ദോഫാറിലെ നിക്ഷേപ മുന്നേറ്റത്തെ വിലയിരുത്തുന്നത്.
‘2025ന്റെ ആദ്യ പകുതിയിൽ ദോഫാറിലെ സമ്പദ്വ്യവസ്ഥയിൽ കാര്യമായ ഉണർവുണ്ടായതായും സർക്കാറിന്റെ വികസന പദ്ധതികളും സൗകര്യങ്ങളും നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷവും ഇതിന് പ്രേരകമായതായും ദോഫാറിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ അൽ ബദ്റാനി ചൂണ്ടിക്കാട്ടി.
2025ന്റെ രണ്ടാം പാദത്തിൽ മാത്രം 1204 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു. ഇതോടെ ജൂൺ അവസാനംവരെ ദോഫാറിൽ മൊത്തം 63,193 വാണിജ്യസ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. നിർമാണ കരാർമേഖലയിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് 452 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ 757 പുതിയ ലൈസൻസുകൾ ലഭിച്ചു. നഗരവികസനം, ഗൃഹനിർമാണം, വിനോദസഞ്ചാര സൗകര്യങ്ങൾ, വ്യവസായ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലയിൽ ആവശ്യം വർധിച്ചതാണ് ലൈസൻസുകളുടെ എണ്ണം കൂടാനിടയാക്കിയത്.
വിദേശ നിക്ഷേപകരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2025ന്റെ ആദ്യപകുതിയിൽ 697 പുതിയ വിദേശ നിക്ഷേപകർ രജിസ്റ്റർ ചെയ്തപ്പോൾ 2024ലെ അതേ കാലയളവിൽ അത് 266 മാത്രമായിരുന്നു. ഇതോടെ ദോഫാറിലെ മൊത്തം വിദേശനിക്ഷേപകരുടെ എണ്ണം 8813 ആയി ഉയർന്നു. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തലും ഡിജിറ്റൽ സേവനങ്ങളായ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോലുള്ള സംവിധാനങ്ങളും ഈ വളർച്ചക്ക് കാരണമായതായി അധികൃതർ വ്യക്തമാക്കി.
ഒമാൻ സർക്കാറിന്റെ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിൽ നിർണായക ഘടകമായതായി അധികൃതർ ചൂണ്ടിക്കാട്ടി. ദീർഘകാല താമസാനുമതിയും കുടുംബ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയ ഈ പദ്ധതി ദോഫാറിൽ നിക്ഷേപവാതിലുകൾ കൂടുതൽ തുറന്നിരിക്കുകയാണ്.
വ്യവസായമേഖലയിൽ 2025 രണ്ടാം പാദത്തിൽ 1156 പുതിയ വ്യവസായ ലൈസൻസുകൾ നൽകി. ഇതോടെ മൊത്തം വ്യവസായ ലൈസൻസുകളുടെ എണ്ണം 23,361 ആയി. കൂടാതെ, 63 പുതിയ നിക്ഷേപ ലൈസൻസുകളും അനുവദിച്ചു.
വാണിജ്യമേഖലയിൽ ആദ്യ പകുതിയിൽ 10,357 പുതിയ ലൈസൻസുകൾ അനുവദിച്ചതോടെ മൊത്തം എണ്ണം 1,35,118 ആയി ഉയർന്നു. ഓട്ടോമാറ്റിക് ലൈസൻസിങ് വിഭാഗത്തിലും 9215 പുതിയ ലൈസൻസുകൾ അനുവദിച്ചു. ഇതോടെ ആ വിഭാഗത്തിലെ മൊത്തം ലൈസൻസുകൾ 1,47,851 ആയി.
ദോഫാറിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും മൂല്യവർധിത വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ശേഷിയുള്ള ഒരു പ്രധാന സാമ്പത്തികകേന്ദ്രമായി ദോഫാർ മാറുകയാണെന്നും സുസ്ഥിര വികസനത്തിനായി സർക്കാർ-സ്വകാര്യ മേഖലയുടെ സഹകരണം ശക്തിപ്പെടുത്താനും നവീകരണം പ്രോത്സാഹിപ്പിക്കാനുമാണ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് ബിൻ ഖലീഫ അൽ ബദ്റാനി കൂട്ടിച്ചേർത്തു.









