കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വ്യക്തികള്‍ കമ്പനികള്‍ മാറാറുണ്ട്. ഈ അവസരത്തില്‍ പിഎഫ് അക്കൗണ്ടും പുതിയ സ്ഥാപനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിന്, പിഎഫ് ബാലന്‍സ് പിന്‍വലിക്കുന്നതിനുപകരം അത് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് നല്ലതും.
തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ സേവനമില്ലാതെ പിഎഫ് ഫണ്ട് പിന്‍വലിച്ചാല്‍ നികുതി ഈടാക്കും. എന്നാല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനമാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് നല്‍കുന്നത്.
തൊഴിലുടമകളും തുല്യമായ തുക നീക്കിവയ്ക്കുന്നു. ഇപിഎഫ് അക്കൗണ്ടില്‍ അടച്ച തുകയ്ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പലിശ ലഭിക്കും. നിലവില്‍ ഇത് 8.25 ശതമാനമാണ്.
പിഎഫ് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഘട്ടങ്ങള്‍
- ഘട്ടം 1: ഇപിഎഫ് വെബ്‌സൈറ്റില്‍ നിങ്ങളുടെ യുഎഎന്‍, പാസ് വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
- ഘട്ടം 2: ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്ന ഭാഗത്ത്, ‘ഒരു അംഗം – ഒരു ഇപിഎഫ് അക്കൗണ്ട്’ (ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന) എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.
- ഘട്ടം 3: നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നിലവിലെ പിഎഫ് അക്കൗണ്ടിന്റെ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുക.
- ഘട്ടം 4: തുടര്‍ന്ന്, നിങ്ങളുടെ പഴയ ജോലിയിലെ പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിക്കുന്നതിന് ‘വിശദാംശങ്ങള്‍ നേടുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഘട്ടം 5: നിങ്ങളുടെ പക്കല്‍ ഡി.എസ്.സിയോടുകൂടിയ അംഗീകൃത ഒപ്പ് ഉണ്ടോ എന്നതിനെ ആശ്രയിച്ച്, നിങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താനോ, നിങ്ങളുടെ പഴയതോ ഇപ്പോഴത്തെയോ തൊഴിലുടമ വഴി സാക്ഷ്യപ്പെടുത്താനോ സാധിക്കും.
- ഘട്ടം 6: ബന്ധപ്പെട്ട തൊഴിലുടമയെ തെരഞ്ഞെടുത്ത് നിര്‍ദിഷ്ട ഫീല്‍ഡില്‍ നിങ്ങളുടെ മെമ്പര്‍ ഐഡിയോ യുഎഎന്‍ നമ്പറോ നല്‍കുക.
- ഘട്ടം 7: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു തവണ ഉപയോഗിക്കാവുന്ന പാസ് വേഡ് (OTP) ലഭിക്കുന്നതിന് ‘OTP നേടുക’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നല്‍കിയിട്ടുള്ള ഫീല്‍ഡില്‍ ഒടിപി നല്‍കി ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഘട്ടം 8: ഇതിനുശേഷം, ഒരു ഓണ്‍ലൈന്‍ പിഎഫ് ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഫോം ജനറേറ്റ് ചെയ്യപ്പെടും. ഈ ഫോം സ്വയം സാക്ഷ്യപ്പെടുത്തി നിങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള തൊഴിലുടമയ്ക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയയ്ക്കണം. നിങ്ങളുടെ തൊഴിലുടമയ്ക്ക് ഇപിഎഫ് ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥനയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അറിയിപ്പും ലഭിക്കും.









