
കൊച്ചി: എറണാകുളം വടക്കൻ പറവൂരിലെ നീണ്ടുരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ അറ്റുപോയ ചെവി തുന്നി ചേർത്തത്. എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴികയാണ് കുട്ടി. സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം.
എറണാകുളം വടക്കൻ പറവൂരിലെ നീണ്ടുരിൽ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വടക്കൻ പറവൂർ നീണ്ടൂൽ മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവ് നായ കടിച്ചെടുത്തത്.
ALSO READ: പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പേവിഷബാധ സംശയിക്കുന്നതിനാലാണ് കുട്ടിയെ ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ആവശ്യമെന്നാണ് വിവരം. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം ദിനംപ്രതി വർധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.
The post മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു appeared first on Express Kerala.









