
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നടന്ന കൊലപാതക കേസിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും കൃത്യം നിർവഹിച്ച ഇ-റിക്ഷ ഡ്രൈവറും അറസ്റ്റിലായി. റോഡപകടമാണെന്ന ഭാര്യയുടെ വാദത്തിന് വിപരീതമായി ദമ്പതികളുടെ എട്ട് വയസ്സുള്ള മകൻ പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ബരാബങ്കിയിലെ ഘുങ്ഘെറ്റർ പ്രദേശത്ത് ഒക്ടോബർ 13 നാണ് സംഭവം നടന്നത്. പൂജ ഗൗതം എന്ന സ്ത്രീ ആദ്യം പോലീസിനോട് പറഞ്ഞത് ഭർത്താവ് ഹനുമന്ത്ലാൽ ഒരു റോഡപകടത്തിൽ മരിച്ചുവെന്നായിരുന്നു. എന്നാൽ, മൊഴികളിലെ പൊരുത്തക്കേടുകൾ പോലീസിന് സംശയം ഉണ്ടാക്കി.
തുടർന്ന്, ബന്ധുക്കളെന്ന് നടിച്ച് സാധാരണ വസ്ത്രം ധരിച്ച പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി, “പപ്പ കൊല്ലപ്പെട്ടു” എന്ന് കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ സത്യസന്ധതയും പോലീസിന്റെ ചോദ്യം ചെയ്യലും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചതായി ബരാബങ്കി എഎസ്പി വികാസ് ചന്ദ്ര ത്രിപാഠി അറിയിച്ചു.
ചോദ്യം ചെയ്യലിൽ പൂജയ്ക്ക് അനന്തരവനുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെട്ടു. ഇത് വീട്ടിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. ലഖ്‌നൗവിൽ നിന്നുള്ള ഇ-റിക്ഷാ ഡ്രൈവറായ കമലേഷിനെ കണ്ടുമുട്ടിയ പൂജ, ഭർത്താവിനെ കൊല്ലാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഒക്ടോബർ 13 ന് വൈകുന്നേരം ഒരു മേള സന്ദർശിച്ച ശേഷം, മടക്കയാത്രയ്ക്കായി പൂജ കമലേഷിന്റെ ഇ-റിക്ഷ ബുക്ക് ചെയ്തു. ഇ-റിക്ഷയിൽ വെച്ച് കമലേഷ് ഇരുമ്പ് വടി ഉപയോഗിച്ച് ഹനുമന്ത്ലാലിനെ ആക്രമിക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂജയിൽ നിന്നും കമലേഷിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, മൊബൈൽ ഫോണുകൾ, ഇ-റിക്ഷ എന്നിവ പോലീസ് കണ്ടെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
The post അവിഹിത ബന്ധം, കൊലപാതകം, കള്ളക്കഥ; ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ഭാര്യ! 8 വയസ്സുകാരൻ പുറത്തുകൊണ്ടുവന്ന സത്യം appeared first on Express Kerala.









