ദോഹ: രാജ്യം തണുപ്പുകാലത്തേക്ക് കടക്കാനിരിക്കേ ഖത്തറിലെ പൗരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിച്ചു. ഇനി നല്ല തണുപ്പേറ്റ് മരുഭൂമിയിലെ ടെന്റുകൾക്കുള്ളിൽ സുഖമായി കഴിഞ്ഞുകൂടാം. തണുപ്പുകാലമെത്തുന്നതോടെ നിരവധി പേരാണ് കുടുംബങ്ങളുമൊത്ത് ക്യാമ്പിങ്ങിനായി പ്രത്യേകം നിശ്ചയിക്കപ്പെടുന്ന പ്രദേശങ്ങളിലെത്തിച്ചേരുന്നത്. ശരീരത്തിനും മനസ്സിനും പുത്തനുണർവേകാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും. ആറുമാസത്തോളം നീണ്ടുനിൽക്കുന്ന ശൈത്യകാല ക്യാമ്പിങ് സീസൺ 2026 ഏപ്രിൽ 15 വരെ നീളും.
രാജ്യത്തെ പരിസ്ഥിതിയുമായുള്ള സമൂഹ പങ്കാളിത്തം വളർത്തുന്നതിലും പാരിസ്ഥിതികാവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ശൈത്യകാല ക്യാമ്പിങ്ങിന് പ്രാധാന്യമുണ്ട്. പരിസ്ഥിതിയെ പരിപാലിച്ചും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാതെയും രാജ്യത്തിന്റെ വന്യജീവി-പരിസ്ഥിതി മേഖലകൾക്ക് കോട്ടംവരുത്താതെയും ജാഗ്രത പുലർത്തിയുമാണ് ക്യാമ്പ് സംഘടിപ്പിക്കുക. അതുകൊണ്ടുതന്നെ വൃത്തിയും ശുചിത്വവും പരിപാലിക്കുകയും പരിസ്ഥിതിക്ക് ദോഷം വരുത്താതിരിക്കുകയും വേണം.
ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സീസൺ ഉറപ്പാക്കാൻ ക്യാമ്പർമാർ പാരിസ്ഥിതിക നിയമങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുകയാണെങ്കിൽ ഈ വർഷത്തെ ക്യാമ്പിങ് സീസണും വലിയ വിജയമാകും. കഴിഞ്ഞ സീസണിൽ ആകെ 2860 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1315 ലാൻഡ് ക്യാമ്പുകൾ, 433 കടൽത്തീര ക്യാമ്പുകൾ, കൂടാതെ സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലായി 1112 ക്യാമ്പുകളുമാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ കഴിഞ്ഞദിവസമാണ് അവസാനിച്ചത്.
സീലൈനിൽ വിളിപ്പുറത്ത് ആശുപത്രിയുമുണ്ട്, ഹമദ് മെഡിക്കൽ കോർപറേഷന്റെ ക്ലിനിക് ഇന്നുമുതൽ
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷന്റെ മെഡിക്കൽ ക്ലിനിക് സീലൈൻ പ്രദേശത്ത് ഇന്നുമുതൽ ആരംഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ പുലർച്ച രണ്ടു വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും ആയിരിക്കും ക്ലിനിക് പ്രവർത്തിക്കുക. ക്യാമ്പിങ് സീസണിലുടനീളം പ്രതിവാര ഷെഡ്യൂൾ തുടരും. തുടർച്ചയായി 16ാം വർഷമാണ് ക്യാമ്പിങ് സീസണിന് വേണ്ടിയുള്ള എച്ച്.എം.സി മെഡിക്കൽ ക്ലിനിക് സീലൈനിൽ സജ്ജമാവുന്നത്.
2026 ഏപ്രിൽ 15 വരെ സീസൺ അവസാനിക്കുന്നതു വരെ പ്രവർത്തനം തുടരും. രോഗികൾക്കും സന്ദർശകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യപ്രദമായി, സീലൈൻ കടൽത്തീരത്താണ് ക്ലിനിക് സ്ഥിതിചെയ്യുന്നത്. ക്യാമ്പിങ് സീസണിൽ സീലൈൻ, ഖോർ അൽ അദൈദ് പ്രദേശങ്ങളിലെത്തുന്ന ബീച്ച് സന്ദർശകർക്കും ക്യാമ്പർമാർക്കും മെഡിക്കൽ, എമർജൻസി സേവനങ്ങൾ നൽകുന്നു.

സുരക്ഷിതവും ആസ്വാദ്യകരവുമായ ക്യാമ്പിങ് അനുഭവം ഉറപ്പാക്കുന്നതിനായി, പ്രത്യേകിച്ചും സ്വിമ്മിങ് സമയങ്ങളിലും, ഭക്ഷണം തയാറാക്കുമ്പോഴും സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സീലൈൻ ക്ലിനിക് പ്രോജക്ട് മാനേജ്മെന്റ് നിർദേശം നൽകി. ക്ലിനിക് പ്രവർത്തിക്കുന്ന സമയങ്ങളിൽ മെഡിക്കൽ സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ ഒരു ഡോക്ടറുടെയും ഒരു നഴ്സിന്റെയും സേവനം ഉറപ്പാക്കും. ക്ലിനിക് പ്രവർത്തിക്കുന്ന സമയങ്ങളിൽ ബീച്ച് സന്ദർശകർക്കും ക്യാമ്പർമാർക്കും അടിയന്തര മെഡിക്കൽ സേവനങ്ങൾ ഒരുക്കും.
ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ട്, കൂടാതെ സാധാരണ രോഗങ്ങൾക്ക് പുറമേ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇവിടെ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കേസുകളുടെ ഗൗരവം കണക്കിലെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലൻസ് അല്ലെങ്കിൽ എയർ ആംബുലൻസ് എന്നിവയും സജ്ജമാണ്. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ് സേവനവും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. മണൽത്തിട്ട പ്രദേശങ്ങളിൽനിന്ന് സീലൈൻ ക്ലിനിക്കിലേക്കോ സാധാരണ ആംബുലൻസ് ലൊക്കേഷനിലേക്കോ എയർ ആംബുലൻസ് ലാൻഡിങ് സൈറ്റിലേക്കോ ആവശ്യാനുസരണം രോഗികളെ എത്തിക്കുന്നതിനും ആശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.









