ശിവപുരി: ഏറ്റവും അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. 83 വയസ്സുള്ള വയോധിക ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ഋഷികേശിലെ ശിവപുരിയിൽനിന്ന് ആവേശകരമായ ബംഗി ജമ്പ് നടത്തി കാഴ്ചക്കാരെ അമ്പരപ്പിച്ചു.
പ്രായം വെറുമൊരു സംഖ്യയാണെന്ന് അവർ അതിലൂടെ കാണിച്ചുതന്നു. മനസ്സിൽ ധൈര്യവും ആത്മാവിൽ സാഹസികതയും ഉള്ളവർക്ക് സ്വപ്നങ്ങളെ പിന്തുടരുന്നതിന് മറ്റൊന്നും തടസ്സമാവില്ലെന്ന് തെളിയിച്ചു. 16 വയസ്സായാലും 83 വയസ്സായാലും അഭിനിവേശത്തിന്റെ തീയതി കാലഹരണപ്പെടില്ലെന്ന് അത് പറയുന്നു. അതും സമാനതകളില്ലാത്ത ആത്മവിശ്വാസത്തോടെ. നിർഭയം!
അവരുടെ അതിശയിപ്പിക്കുന്ന ജമ്പിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ‘ഹിമാലയൻ ബംഗി’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ക്ലിപ്പിൽ കാണുന്ന 83വയസ്സുകാരി, ബംഗിയുടെ ആവേശം അനുഭവിച്ചറിയാൻ യു.കെയിൽ നിന്നും വന്നതാണ്. എന്നാൽ, ഇവരുടെ പേരോ മറ്റു വിവരങ്ങളോ അതിൽ പങ്കുവെച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 20 ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു. വൈറലായതിനെത്തുടർന്ന് ഇൻസ്റ്റാഗ്രാമിൽ കാഴ്ചക്കാരുടെ എണ്ണം പെരുകുകയാണ്. പലരും അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ചു. ആ ചാട്ടം പ്രചോദനകരമാണെന്നും പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നതിന്റെ തെളിവാണെന്നും അവർ പറഞ്ഞു.
ഉപയോക്താക്കളിൽ ഒരാൾ കമന്റ് ചെയ്തതിങ്ങനെയായിരുന്നു: ‘കാമറയിലേക്ക് നോക്കാനവർ മിനക്കെട്ടില്ല, അവർ സ്വന്തം ലോകത്തിലായിരുന്നു. അതാണ് നമ്മൾ കാണേണ്ടത്.
‘അവരെ പറക്കാൻ അനുവദിക്കൂ. എത്ര മനോഹരമായി കൈകൾ ചലിപ്പിക്കുന്നുവെന്ന് നോക്കൂ… പറക്കുന്ന ഒരു ബാലെരിനയെപ്പോലെ അവർ നൃത്തം ചെയ്യുന്നു!’- മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
‘അവർ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. കൈകൾ ആട്ടുന്ന രീതി കണ്ടാൽ അവരിൽ സംഗീതം ഉണ്ടെന്ന് തോന്നുന്നു’വെന്നായിരുന്നു മറ്റൊരു കമന്റ്. ഈ പ്രായത്തിലുള്ള ഒരാൾ ഇത്രയും ധീരമായ ഒരു വെല്ലുവിളി ഇത്ര സന്തോഷത്തോടെ ഏറ്റെടുക്കുന്നത് കാണുന്നത് എത്ര പ്രചോദനാത്മകമാണെന്നും പലരും അഭിപ്രായപ്പെട്ടു.









