കോട്ടയം: രാജ്യത്തിന്റെ രണ്ടു വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്ന അപൂർവ നേട്ടത്തിലേക്കാണ് ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടെ കുമരകം മാറുക. പ്രതിഭ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ആഗസ്റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്.
പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയുടെ വരവാണ് കുമരകത്തിന്റെ തലവര മാറ്റിയത്. ആ സന്ദർശനത്തിന്റെ 25ാം വാർഷിക വർഷത്തിലാണ് രാഷ്ട്രപതി എത്തുന്നത്. 2000 ഡിസംബർ 26ന് കുമരകത്ത് എത്തിയ വാജ്പേയി 2001 ജനുവരി ഒന്നിനാണ് മടങ്ങിയത്.
അക്കാലം കുമരകം രാജ്യത്തിന്റെ തലസ്ഥാനം പോലെ പ്രവർത്തിച്ചു. വൻ സുരക്ഷ വലയത്തിലായിരുന്നു അന്ന് കുമരകം. ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ, ചാൾസ് രാജകുമാരൻ തുടങ്ങിയ വി.വി.ഐ.പികളും കുമരകത്ത് എത്തിയിട്ടുണ്ട്.
ജി -20 ഉദ്യോഗസ്ഥതല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു.
ദ്രൗപദി മുർമുവിന്റെ താമസം 24 ാം നമ്പർ മുറിയിൽ, വിളമ്പുക കേരള ഭക്ഷണം
രാഷ്ട്രപതിയുടെ താമസം, ഭക്ഷണം എന്നിവക്ക് പ്രത്യേക ക്രമീകരണങ്ങളാണ് കുമരകം താജ് ഹോട്ടലിൽ ഒരുക്കുന്നത്. താജ് ഹോട്ടലിലെ കായലോരത്തെ 24 ാം നമ്പർ മുറിയാണ് രാഷ്ട്രപതിയുടെ താമസത്തിന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രി വാജ്പേയിയും മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും താമസിച്ചത് കായലോരത്തെ 18ാം നമ്പർ മുറിയിലായിരുന്നു.
രാഷ്ട്രപതിക്ക് കേരള ഭക്ഷണമാകും ഒരുക്കുക. സവാളയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർക്കാത്ത കറികളാണ് തയാറാക്കേണ്ടതെന്ന് രാഷ്ട്രപതിഭവനിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഹോട്ടൽ വൃത്തങ്ങൾ പറഞ്ഞു. പാചകത്തിനായി പുതിയ പാത്രങ്ങളും എത്തിച്ചു. താജ് ഹോട്ടലിൽ ഇന്ന് അത്താഴവും നാളെ പ്രഭാത ഭക്ഷണവുമാണ് രാഷ്ട്രപതിക്ക് ഒരുക്കുന്നത്.
രാഷ്ട്രപതിയെ സ്വീകരിക്കാൻ കോട്ടയം ജില്ലയിലും കുമരകത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റോഡുകളുടെ അറ്റകുറ്റപണിയെല്ലാം പൂർത്തിയാക്കി. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട സമാന്തര റോഡ് ഉൾപ്പെടെ ക്രമീകരിച്ചു.









