
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് തിരുവനന്തപുരം കൊമ്പന്‍സ്-തൃശൂര്‍ മാജിക് എഫ്സി പോരാട്ടം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് കളി.
രണ്ട് ടീമുകളും ഓരോ കളി ജയിച്ചാണ് വരുന്നത്. തിരുവനന്തപുരം ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സിനോട് 3-2ന് തോല്‍ക്കുകയും രണ്ടാം കളിയില്‍ ഫോഴ്സ കൊച്ചിയെ 1-0ന് പരാജയപ്പെടുത്തുകയും ചെയ്തു. തൃശൂര്‍ മാജിക് എഫ്സി ആദ്യ കളിയില്‍ മലപ്പുറം എഫ്സിയോട് 1-0ന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം കളിയില്‍ കാലിക്കറ്റ് എഫ്സിയെ 1-0ന് പരാജയപ്പെടുത്തി.
കഴിഞ്ഞ ആദ്യ സീസണില്‍ രണ്ടു തവണയും, ഇരു ടമുകളും ഏറ്റുമുട്ടിയപ്പോള്‍ തിരുവനന്തപുരത്തിനായിരുന്നു ജയം. ഇന്നും തൃശൂരിനെ പരാജയപ്പെടുത്തി മൂന്നാം ജയം സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
കൊച്ചിക്കെതിരായ മത്സരത്തില്‍ കൊമ്പന്‍സ് വിജയിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഈ കളിയില്‍ പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് ഫോഴ്സയായിരുന്നു. ഫോഴ്സയുടെ സ്ട്രൈക്കര്‍മാര്‍ക്ക് തിളങ്ങാനാവാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. 73-ാം മിനിറ്റില്‍ ലിമ വിക്ടര്‍ നേടിയ ഗോളാണ് ഫോഴ്സക്കെതിരെ കൊമ്പന്‍സിന് വിജയം സമ്മാനിച്ചത്.
മലപ്പുറത്തിനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ നേടാനാകാതെ തൃശൂര്‍ നിരാശപ്പെട്ടെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ മാലിസണ്‍ ആല്‍വ്സ് നേടിയ ഏക ഗോളിന് കാലിക്കറ്റിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് തൃശൂര്‍ മാജിക് എഫ്സി. കൊമ്പന്‍സിന്റെ ക്യാപ്റ്റന്‍ പാട്രിക് മോട്ടയും, ഓട്ടമാര്‍ ബിസ്‌പോയുമായിരിക്കും തൃശൂര്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട താരങ്ങള്‍.









