
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങുന്നു. നവംബറില്‍ അര്‍ജന്റീന അംഗോളയിലെ ഒരു സൗഹൃദ മത്സരത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണ്‍ എന്ന അര്‍ജന്റൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ കരാര്‍ കേരളം തുടര്‍ച്ചയായി ലംഘിക്കുന്നു എന്ന് എ എഫ് എ വെളിപ്പെടുത്തി എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ മുമ്പ് തീരുമാനിച്ചതു പോലെ നവംബറില്‍ കേരളത്തിലെത്താന്‍ സാധിക്കില്ല. മാത്രവുമല്ല, അര്‍ജന്റീനയ്‌ക്കെതിരേ കളിക്കുന്ന ടീം എതെന്നു സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല. ഓസ്‌ട്രേലിയ ആയിരിക്കും എതിരാളികളെന്ന് സ്‌പോണ്‍സര്‍മാര്‍ പറയുന്നുണ്ട് എങ്കിലും ഓസ്‌ടേലിയന്‍ ടീം ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അര്‍ജന്റീന ടീമുമായി ഏറെ അടുത്തു നില്‍ക്കുന്ന സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ കൂടിയാണ് ഈ മാധ്യമം. അതേ സമയം എന്തു കരാര്‍ ലംഘനമാണ് കേരളം നടത്തിയതെന്ന് എ എഫ് ഐ പറഞ്ഞിട്ടില്ല.
ടീമിനെ കേരളത്തിലെത്തിച്ച് അന്താരാഷ്‌ട്ര സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയ കായിക മന്ത്രിയും സ്പോണ്‍സര്‍മാരായ വാര്‍ത്താ ചാനലുകാരും കരാര്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ലോക ചാമ്പ്യന്‍മാരെത്തുന്ന പോരാട്ടത്തിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങണം, സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകണം. കളിക്കേണ്ടത് അന്താരാഷ്‌ട്ര മത്സരമാകുമ്പോള്‍ പ്രഖ്യാപനത്തിന് മുമ്പായി വിദേശ ടീമുകളുടെ ഔദ്യോഗിക സംഘം സന്ദര്‍ശിച്ച് മൈതാനത്തിന്റെ തികവും ടീം അംഗങ്ങള്‍ക്ക് തങ്ങാനുള്ള സ്ഥലങ്ങളുമടക്കം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കാറുണ്ട്. അര്‍ജന്റീന ടീമിന്റെ പ്രതിനിധി വന്നു പോയതല്ലാതെ എതിര്‍ ടീം കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയതായി ഇതുവരെ വിവരമൊന്നുമില്ല.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സൗഹൃദ മത്സരം നടക്കുന്നതിന്റെ സൂചന പോലും നല്‍കിയിട്ടില്ല.
എഎഫ്എ ബന്ധപ്പെട്ടപ്പോള്‍ വാക്കുപറഞ്ഞവര്‍ ഒഴിവുകഴിവുകള്‍ നിരത്തിയതായി റിപ്പോര്‍ട്ട്
അതിനിടെ നവംബറില്‍ മത്സരം നടത്താന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) ബന്ധപ്പെട്ടപ്പോഴെല്ലാം കേരളത്തില്‍ മത്സരം നടത്താമെന്നേറ്റവര്‍ ഒഴിവുകഴിവുകള്‍ നിരത്തിയെന്ന് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട മറ്റൊരു മാധ്യമം ടിവൈസി സ്പോര്‍ട്സ് പറയുന്നു. ഗ്രൗണ്ട് മത്സര യോഗ്യമാക്കി നവംബര്‍ 17നെങ്കിലും മത്സരം നടത്താനാകുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ എഎഫ്എ അടുത്ത മാര്‍ച്ചില്‍ മത്സരത്തിന് ഒരുക്കമാണെന്ന് അറിയിച്ചിരിക്കുന്നതായും ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബായിരിക്കും മത്സരവേദി എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും ആദ്യം വ്യക്തമാക്കിയിരുന്നത് എന്നാല്‍ പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലാണെന്ന് തിരുത്തി. സ്റ്റേഡിയത്തിന്റെ ഉടമസ്ഥത കൈയ്യാളുന്ന ജിസിഡിഎയ്‌ക്ക് കായിക മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെതായി പുറത്തു വന്ന ഏക ആശയ വിനിമയ രേഖ.
ആഴ്‌ച്ചകളുടെ ഇടവേള പോലും ഇനിയില്ല
നവംബര്‍ ഒമ്പത് മുതല്‍ 17 വരെയാണ് അന്താരാഷ്‌ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള അടുത്ത ഇടവേള. കൃത്യമായി കണക്കു കൂട്ടിയാല്‍ ഇടവേളയുടെ അവസാന ദിവസത്തിന് ഇന്നേക്ക് ഒരു മാസമാണുള്ളത്. ഐഎസ്എല്‍ പോലുള്ള ആഭ്യന്തര ഫുട്ബോള്‍ ലീഗിന് വേണ്ടി പോലും മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് വില്‍പ്പന അടക്കമുള്ളവ നടന്നുകഴിയാറുണ്ട്. ഇത്രയും വിശാലമായൊരു മത്സരം സംഘടിപ്പിക്കാന്‍ ആഴ്‌ച്ചകള്‍ പോലുമില്ലാത്ത ഈ സാഹചര്യത്തില്‍ എങ്ങനെയാകും മത്സരം സംഘടിപ്പിക്കുക എന്നതില്‍ യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല.
മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് തിരക്കിന്റെ നാളുകള്‍
നവംബറില്‍ മത്സരം നടത്താനായില്ലെങ്കില്‍ വരുന്ന മാര്‍ച്ചിലായിരിക്കും അര്‍ജന്റീനയുടെ അടുത്ത അന്താരാഷ്‌ട്ര മത്സരത്തിന്റെ ഒഴിവ് വരിക. സ്പെയിനെതിരായ ഫൈനലിസ്സിമ പോരാട്ടത്തിന് ശേഷം നടത്താമെന്നാണ് എഎഫ്എ പറയുന്നത്. ആ സമയത്ത് കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരിക്കും. ആ സമയത്ത് ഇത്രയും വലിയ മത്സരത്തിന് സുരക്ഷാ സന്നാഹമൊരുക്കല്‍ കടുത്ത വെല്ലുവിളിയായിരിക്കും. മാത്രവുമല്ല, നവംബറില്‍ മത്സരം നടത്താനായില്ലെങ്കില്‍ മറ്റൊരു തീയതി നോക്കുന്നില്ലെന്ന് സ്‌പോണ്‍സറും വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ അര്‍ജന്റീന കേരളത്തില്‍ എത്താനുള്ള സാധ്യത ഏറെക്കുറെ അസ്തമിച്ചു.









