
തിരുവനന്തപുരം: ഓസ്‌കർ അവാർഡ് ജേതാവും പ്രമുഖ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ.
സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളെ തുടർന്നാണ് രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം വൈസ് ചെയർമാനായിരുന്ന പ്രേം കുമാറിനായിരുന്നു ചെയർമാൻ്റെ താൽക്കാലിക ചുമതല. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് ഈ മാറ്റമെന്ന് സർക്കാർ വിശദീകരിക്കുന്നു.
ALSO READ: പോരില്ല, പഞ്ച് ഡയലോഗുമില്ല; എന്നിട്ടും 100 കോടി! ദുൽഖർ ചിത്രം ‘ലക്കി ഭാസ്‌കർ’ ഇറങ്ങിയിട്ട് ഒരു വർഷം
അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവരടക്കം 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ഭരണസമിതിക്ക് മുന്നിൽ തിരക്കിട്ട നിരവധി കാര്യങ്ങളാണുള്ളത്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. കൂടാതെ, ഐഎഫ്എഫ്‌കെ (IFFK) ഡിസംബറിൽ നടക്കാനിരിക്കുകയാണ്.
നാളെ പ്രത്യേക നിയമസഭാ സമ്മേളനം ഉള്ളതിനാലും സിനിമകളുടെ സ്ക്രീനിംഗ് പൂർത്തിയാവാത്തതിനാലും ശനിയാഴ്ച നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ട സാഹചര്യവുമുണ്ട്. 2024-ലെ അവാർഡിനായി പ്രധാന വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ appeared first on Express Kerala.









