
ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് ലോകപ്പില്‍ നാലാം റൗണ്ടിലെ ആദ്യ ക്ലാസിക് ഗെയിമില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില. 29കാരനായ റഷ്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഡാനില്‍ ഡ്യൂബോവുമായുള്ള മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പ്രജ്ഞാനന്ദ സമയസമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരുന്നു.എങ്കിലും പരിചയസമ്പന്നതയുടെ പുറത്ത് കഷ്ടിച്ച് സമനില നേടുകയായിരുന്നു. വലിയൊരു ആപത്തില്‍ നിന്നാണ് പ്രജ്ഞാനന്ദ രക്ഷപ്പെട്ടത്.
അതിവേഗക്കളിയായ ബ്ലിറ്റ്സിന്റെയും റാപ്പിഡിന്റെയും ആശാനാണ് ഡാനില്‍ ഡ്യുബോവ് എന്നത് ആശങ്കയുണര്‍ത്തുന്നു. ബ്ലിറ്റ്സ് ചെസില്‍ ലോകറാങ്കിങ്ങില്‍ അഞ്ചാമനാണ് ഡാനില്‍ ഡ്യൂബോവ്. ഇനി പ്രജ്ഞാനന്ദയും ഡാനില്‍ ഡ്യൂബോവും തമ്മില്‍ ഒരു ക്ലാസിക് ഗെയിം കൂടി കളിക്കും. ഇതും സമനിലയായാല്‍ വിജയിയെ നിശ്ചയിക്കാന്‍ റാപ്പിഡ് കളിക്കേണ്ടിവരും. റാപ്പിഡിലും സമനിലയായാല്‍ കൂടുതല്‍ വേഗത്തില്‍ കരുനീക്കേണ്ട ബ്ലിറ്റ്സ് ഗെയിമുകള്‍ കളിക്കും. ബുധനാഴ്ചയാണ് ഇവര്‍ തമ്മിലുള്ള രണ്ടാമത്തെ മത്സരം. ഹംഗറിയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പീറ്റര്‍ ലീകോയും അര്‍ജുന്‍ എരിഗെയ്സിയും തമ്മിലുള്ള ആദ്യ ക്ലാസിക് മത്സരം സമനിലയില്‍ കലാശിച്ചു. ഒരു മണിക്കൂറില്‍ 16 നീക്കങ്ങള്‍ മാത്രമേ ഇരുവരും നടത്തിയുള്ളൂ. അപ്പോഴേ അര്‍ജുന്‍ സമനില ആവശ്യപ്പെട്ടു. പീറ്റര്‍ ലികോ അതിന് വഴങ്ങി. അടുത്ത കളിയില്‍ അര്‍ജുന്‍ വെള്ളക്കരുക്കള്‍ കൊണ്ടാണ് കളിക്കുക. രണ്ടാമത്തെ മത്സരം ബുധനാഴ്ചയാണ്. വെങ്കട് രാമന്‍ കാര്‍തിക്, പ്രണവ് വി, പെന്‍റല ഹരികൃഷ്ണ എന്നീ മൂന്ന് ഇന്ത്യക്കാരുടെയും നാലാം റൗണ്ടിലെ ആദ്യ ക്ലാസിക് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇവരെല്ലാം അടുത്ത ഗെയിം ബുധനാഴ്ച കളിക്കും.
ഈ ടൂര്‍ണ്ണമെന്‍റിലെ ഒന്നാം റാങ്കുകാരനായ ഗുകേഷ് ഉള്‍പ്പെടെ തോറ്റ് പുറത്തായിക്കഴിഞ്ഞു. 27 ഇന്ത്യക്കാര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തെങ്കിലും ഇനി പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വെങ്കട് രാമന്‍ കാര്‍തിക്, പ്രണവ് വി, പെന്‍റല ഹരികൃഷ്ണ എന്നീ അഞ്ചുപേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരനായ അര്‍ജുന്‍ എരിഗെയ്സിയിലും ഏഴാം റാങ്കുള്ള പ്രജ്ഞാനന്ദയിലും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഇന്ത്യ. അര്‍ജുന്‍ എരിഗെയ്സി ഈ ടൂര്‍ണ്ണമെന്‍റില്‍ തുടക്കം മുതലേ ഫോമിലാണ്. ബുധനാഴ്ചയാണ് അദ്ദേഹം നാലാം റൗണ്ടില്‍ പോരിനിറങ്ങുന്നത്.
ജര്‍മ്മന്‍താരങ്ങളുടെ അസാധാരണമുന്നേറ്റമാണ് ഗോവയില്‍ കാണുന്നത്. വിന്‍സെന്‍റ് കെയ്‌മര്‍, അലക്സാണ്ടര്‍ ഡോണ്‍ ചെങ്കോ, മത്തിയാസ് ബ്ലുബോം, ഫ്രെഡറിക് സ്വെയിന്‍ എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ഈ ടൂര്‍ണ്ണമെന്‍റിലെ ഒന്നാം റാങ്കുകാരനും ലോകചെസ്സില്‍ ഒമ്പതാം റാങ്കുകാരനും ലോക ചെസ് ചാമ്പ്യനുമായ ഗുകേഷിനെ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചത് ഫ്രെഡറിക് സ്വെയിന്‍ ആണ്.
ആകെ 206 പേര്‍ മത്സരത്തിനുള്ള ഈ ടൂര്‍ണ്ണമെന്‍റില്‍ തോല്‍ക്കുന്നയാള്‍ പുറത്താവുന്ന നോക്കൗട്ട് ശൈലിയാണ് പിന്തുടരുന്നത്. നാലാം റൗണ്ടിലേക്ക് ടൂര്‍ണ്ണമെന്‍റ് കടക്കുമ്പോള്‍ ആകെ 30 കളിക്കാരേ അവശേഷിക്കുന്നുള്ളൂ.
20 ലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ചാമ്പ്യനാകുന്ന ആള്‍ക്ക് 1,20,000 ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 85000 ഡോളര്‍ ലഭിക്കും. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും എന്നതാണ് ആകര്‍ഷണം. അതിനാല്‍ മിക്ക ലോകതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പക്ഷെ വലിയ താരങ്ങളെല്ലാം തോറ്റ് പുറത്താകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഡച്ച് താരം അനീഷ് ഗിരി (ലോക അഞ്ചാം നമ്പര്‍ താരം), അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുകാരന്‍) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായി.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരിലാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ട്രോഫി നല്‍കുന്നത്. ഇതുവഴി ഇന്ത്യന്‍ ചെസ്സിന്റെപിതാവായ വിശ്വനാഥന്‍ ആനന്ദിനെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2002ല്‍ ഹൈദരാബാദില്‍ ഒരു ലോകചെസ് ടൂര്‍ണ്ണമെന്‍റ് നടന്നതിന് ശേഷം 23 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഒരു ലോകചെസ് മത്സരം ഗോവയില്‍ തിരിച്ചെത്തുകയാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചിരുന്നു.









