അസർബൈജാനിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ് മഡ് വോൾകനോ, ഒരു മലമുകളിൽ ഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് ചളി മുകളിലോട്ട് നുരഞ്ഞുപൊങ്ങുന്നത് നമുക്ക് കാണാം. അസർബൈജാനിൽ ആക്ടിവ് ആയ നിരവധി മഡ് വോൾകനോകൾ ഉണ്ട്. നമുക്ക് ഈ വോൾകനോകളുടെ തൊട്ടടുത്ത് വരെ പോകാം, തൊട്ടുനോക്കാം, ചിലർ അതിൽ ചാടി സ്നാനം ചെയ്യുന്നതും കാണാം. ആ ചളി മുഖകാന്തിക്കും പാടുകൾ പോകാനും നല്ലതാണെന്ന മറ്റൊരു അന്ധവിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇന്ത്യക്കാർ അവിടെ പോകുന്നതുതന്നെ കുപ്പികളിൽ ചളി സംഭരിക്കാനാണെന്ന് തോന്നിപ്പോകും.
എയർപോർട്ടിൽ 10 മില്ലി ലിറ്ററിൽ കൂടുതൽ ചളി കൊണ്ടുവരാൻ അനുവദിക്കാത്തതിനാൽ പലരുടെയും ചളിക്കുപ്പി അവിടെ കളയേണ്ടതായും വരാറുണ്ട്. മലയുടെ മുകളിലെത്താൻ ചെമ്മൺ പാതകളാണുള്ളത്. ആൾപാർപ്പില്ലാത്ത മരമോ പച്ചപ്പോ ഇല്ലാത്ത ചാര നിറത്തിലുള്ള മലമ്പാതയിലൂടെ മിനിറ്റുകളോളം ആടിയുലഞ്ഞുള്ള ഓഫ് റോഡ് യാത്ര. റഷ്യയുടെ, അസർബൈജാനിൽ നിർമാണം നിർത്തിവെച്ച വളരെ പഴയ മോഡലായ ലാഡ ടാക്സി കാറുകളെയാണ് മല കയറാനായി കൂടുതലും ഉപയോഗിക്കുന്നത്. ആ യാത്രയിലാണ് ഗ്രാമപ്രദേശങ്ങളിലെ ജീവിതാനുഭവവും യു.എസ്.എസ്.ആറിനെ പറ്റിയുള്ള അഭിപ്രായവും അറിയാനായ് ടാക്സി ഡ്രൈവറോട് സംസാരിച്ചുതുടങ്ങിയത്. പ്രായം ചെന്നെങ്കിലും വളരെ രസകരമായാണ് അയാൾ സംസാരിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര സാമൂഹിക സ്പർധയെപ്പറ്റിയൊക്കെ അയാൾക്ക് കേട്ടറിവുണ്ട്, ഒരുപാട് സംശയം ചോദിക്കുന്ന ഒരിന്ത്യക്കാരനെ കണ്ടപ്പോൾ അയാളുടെ കേട്ടറിവുകളിൽ നിന്നുള്ള സംശയത്തിന്റെ ഭാണ്ഡം അയാളും പങ്കുവെച്ചു. സോവിയറ്റ് യൂനിയൻ കാലത്തായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നപോലെ വിഡിയോ റെക്കോഡ് ചെയ്യാൻ പറ്റില്ലായിരുന്നു എന്നയാൾ പറഞ്ഞതിൽനിന്ന് പരിമിതമാക്കപ്പെട്ട അവകാശങ്ങളുടെ ഒരു കാലഘട്ടമാണ് അയാൾ പറയാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
ആ കാലത്ത് സ്വന്തമായി കാറോ പ്രോപ്പർട്ടിയോ ഒന്നും വാങ്ങാൻ പറ്റില്ലായിരുന്നു. പൊതുവെ സോവിയറ്റ് യൂനിയനിൽനിന്ന് വേർപെട്ടുപോയ രാജ്യങ്ങൾക്ക് റഷ്യക്കാരോട് അത്ര സ്നേഹം പോരാ, യുക്രെയിൻ ഇപ്പോഴും അവശനിലയിൽ യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്നു. ജോർജിയക്കാർക്ക് റഷ്യയിൽ പോകണമെങ്കിൽ വിസ വേണം (2023ൽ ഇതിനു മാറ്റം വന്നിട്ടുണ്ട്). പക്ഷേ വല്യേട്ടനായ റഷ്യക്ക് ജോർജിയയിലോട്ട് വരാൻ വിസ ആവശ്യമില്ല.
ജോർജിയക്കാർ ഇപ്പോഴും റഷ്യക്കാർ വീണ്ടും അതിക്രമിച്ചുകടക്കുമെന്നും ചർച്ചുകളെല്ലാം അടച്ചുപൂട്ടുമെന്നുമുള്ള ഭയം കൊണ്ടുനടക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. പൗരാണികമായ ഭാഷയും മത വിശ്വാസവും തനത് സംസ്കാരവുമെല്ലാം അഭിമാനമായി കരുതുന്നതിനാലാവാം വിദേശാധിപത്യത്തെ പറ്റി ഇവരെന്നും ആകുലപ്പെടുന്നത്. അസർബൈജാനിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. ഇന്നും റഷ്യയിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും റഷ്യൻ ഭാഷ സംസാരിക്കുന്നവരുമൊക്കെ അസർബൈജാനിലുണ്ട്. സോവിയറ്റ് യൂനിയൻ അടിസ്ഥാന സൗകര്യങ്ങളിലെല്ലാം ഇത്രയും സംഭാവന നൽകിയിട്ടും ഒരുകാലത്ത് ഒന്നിച്ച് സോവിയറ്റ് യൂനിയൻ എന്ന ഒരു ലോകശക്തിയായ ഒരൊറ്റ രാജ്യമായിരുന്നു നമ്മൾ എന്ന നിലക്ക് സൗഹൃദപരമായല്ല റഷ്യക്കാരെ പറ്റി അവർ ചിന്തിക്കുന്നത്; അത് റഷ്യയുടെ ആധിപത്യമായിരുന്നു എന്ന രീതിയിലാണ്.
1950 കാലഘട്ടത്തിൽ തന്നെ സോവിയറ്റ് യൂനിയൻ പടുത്തുയർത്തിയ പട്ടണങ്ങളെല്ലാം കാലത്തിന് മുന്നേ സഞ്ചരിക്കുന്നവയാണ്, 120 മീറ്ററോളം താഴേക്കൂടി ഓടുന്ന ഭൂഗർഭ റെയിൽവേ പോലെയുള്ള അത്ഭുത നിർമിതികൾ കൊണ്ട് സമൃദ്ധമാണ് പട്ടണങ്ങളെല്ലാം. റെയിൽവേ ഇത്രയും ആഴത്തിലൂടെ നിർമിക്കാനുള്ള കാരണം പലതാണ്. ഒന്നാമത്തേത് യുദ്ധസമയത്ത് ഒളിക്കാനുള്ള ബങ്കറുകളായി ഉപയോഗിക്കാമെന്ന രാഷ്ട്രീയ സാഹചര്യമാണെന്ന് പറയപ്പെടുന്നു.
തിരക്കേറിയ നഗരത്തിലെ മറ്റ് കെട്ടിടങ്ങൾക്ക് ഭംഗം വരുത്താതെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വേണ്ടി പ്ലാൻ ചെയ്തതുമാകാം. ഈ പട്ടണങ്ങളെല്ലാം അതിമനോഹരമായി പ്ലാൻ ചെയ്ത് നിർമിച്ചവയാണ്. നിലവിൽ ഓയിൽ റിച്ച് കൺട്രിയാണ് അസർബൈജാൻ. അസർബൈജാനിൽ 1850കളിൽ തന്നെ ഓയിൽ റിഗ്ഗിങ് തുടങ്ങിയിട്ടുണ്ട്. ആദ്യമായ് കുഴിച്ച എണ്ണക്കിണർ നമുക്കു സന്ദർശിക്കാം. ഇന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. അതിന്റെ കൈയെത്തുന്ന അകലത്തിൽ വരെ പോകാം, ആ പ്രദേശത്തെല്ലാം 450ഓളം മീറ്റർ അടിയിൽ എണ്ണയാണെന്ന ബോധ്യം നമ്മളെ അമ്പരപ്പെടുത്തും. എണ്ണക്കിണർ എന്ന് കേട്ടു മാത്രം പരിചയമുള്ളവർക്ക് തൊട്ടടുത്തായി ഇപ്പോഴും പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലൈവ് എണ്ണക്കിണറും കാണാം. രണ്ടാം ലോക യുദ്ധകാലത്ത് പ്രദേശത്തെ പ്രധാന ഓയിൽ സപ്ലയർ ആയിരുന്നു അസർബൈജാൻ. സോവിയറ്റ് യൂനിയന്റെ 80 ശതമാനം ഓയിൽ ഉൽപാദിപ്പിച്ചിരുന്നത് ബാകുവിൽ നിന്നാണ്. ബാകു കോസ്റ്റൽ ഏരിയയിൽ റോഡ് സൈഡിലെല്ലാം ഓയിൽ വെൽ നമുക്ക് കാണാം. തൊട്ടടുത്ത് വരെ പോകാം, ഫോട്ടോയെടുക്കാം!
ഓയിൽ റിച്ച് രാജ്യമാണെങ്കിലും സാമ്പത്തികമായി അന്നത്തേതിൽ നിന്ന് വലിയ മാറ്റമൊന്നുമില്ല സാധാരണക്കാർക്ക്. പക്ഷേ, സ്വന്തമായി വണ്ടി വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്! പ്രോപ്പർട്ടി വാങ്ങാം, വിഡിയോ എടുക്കാം..! ഒറ്റക്കെട്ടായ് നിന്നിരുന്നെങ്കിൽ ലോകശക്തിയായി നിങ്ങൾക്ക് മാറിക്കൂടായിരുന്നില്ലേ എന്ന എന്റെ ആവർത്തിച്ചുള്ള സംശയത്തിന് മറുപടിയായി അവരുടെ സംസാരത്തിൽനിന്ന് മനസ്സിലായത് മനുഷ്യൻ ആത്യന്തികമായി ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ് എന്നാണ്.
ടാക്സിയുടെ പിറകിലിരുന്ന് എനിക്ക് വേണ്ടി ട്രാൻസലേറ്റ് ചെയ്തുതരുന്നത് ഒരു ഇറാനി ടൂറിസ്റ്റാണ്. അയാളിപ്പോൾ നെതർലൻഡ്സ് പൗരനാണ്. അയാളുടെ നെതർലൻഡ്സ് കാരിയായ ഭാര്യയും കൂടെയുണ്ട്. അവർ വെജിറ്റേറിയൻ ആണ്. അവർ ആരോഗ്യമേഖലയിലാണ് ജോലി ചെയ്യുന്നത്. മാംസം കഴിക്കാത്തതിന് ആരോഗ്യപരമായ ഒരു മാനമാണ് അവർ കൽപിച്ചിരിക്കുന്നത്.
ഇറാനികളും അസർബൈജാനികളും തുർക്കികളും ഒക്കെ സംസാരിക്കുന്നത് ഒരേ ഭാഷയാണ്, ലിപികളിൽ വ്യത്യാസമുണ്ട്. നമ്മുടെ ഹിന്ദിയും ഉർദുവും പോലെയുള്ള വ്യത്യാസമാവും. അവരുടെ സാംസ്കാരിക പാരമ്പര്യങ്ങളിലും സമാനതകൾ ഉണ്ടെന്ന് കാണാം.
അഗ്നിയാരാധകരായ സൗരാഷ്ട്രിയൻ മതക്കാരാണ് ഇവരുടെയെല്ലാം പൂർവികരെന്ന് ഇവർ മനസ്സിലാക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അസർബൈജാനികൾ നിലവിൽ മുസ്ലിംകളാണെങ്കിലും നമ്മുടെ ഓണം പോലെ രാജ്യവ്യാപകമായ ഒരാഘോഷം ഇവർക്കുണ്ട്- നവറൂസ്. അത് ഇറാനിലും തുർക്കിയിലുമുണ്ട്. പേർഷ്യൻ പുതുവത്സരാഘോഷമായി ഇതിനെ പുറംലോകം മനസ്സിലാക്കുന്നുവെങ്കിലും അവരുടെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഒരാഘോഷമാണ് നവറൂസ്. പത്ത് ദിവസത്തോളം സ്കൂളും ഓഫിസുകളും അവധിയാണ്. പട്ടണങ്ങളിൽ ആഘോഷങ്ങൾ അരങ്ങേറും, വീടുകൾ കയറിയിറങ്ങി കുട്ടികൾ തമ്മിൽ പരസ്പരം സമ്മാനങ്ങൾ കൈമാറും.
ആ വർഷത്തെ തെറ്റുകളെല്ലാം അഗ്നിയിൽ ശുദ്ധമാക്കപ്പെടുമെന്ന വിശ്വാസത്താൽ വീടുകളിൽ അഗ്നിക്ക് ചുറ്റും വലം ചെയ്യും. അസർബൈജാൻ എന്ന പേരിൽതന്നെ അഗ്നിയുണ്ട്, ആ വാക്കിനർഥം അഗ്നി സംരക്ഷകൻ എന്നാണ്. അഗ്നിയുമായി ബന്ധപ്പെട്ട അവരുടെ വിശ്വാസത്തിന് പ്രകൃതി പ്രതിഭാസങ്ങളുമായി അഭേദ്യമായ ബന്ധവുമുണ്ട്. 3000 കൊല്ലത്തോളം നിർത്താതെ ജ്വലിച്ചുകൊണ്ടിരിക്കുന്ന മല ഇന്നും നമുക്ക് കാണാം.
സൗരാഷ്ട്രിയൻ മതം ഏകദേശം ക്രിസ്തുവിനും1500 -2000 കൊല്ലം മുമ്പ് ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു. പേർഷ്യൻ പ്രദേശത്ത് അതായത് ഇന്നത്തെ ഇറാനിൽ നിന്നാണ് ഉത്ഭവം. ഒരു പൗരാണിക ഫയർ ടെമ്പിൾ അവർ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. ഭൂമിക്കടിയിൽനിന്ന് വന്നിരുന്ന സ്വാഭാവിക തീ ആയിരുന്നു അവിടത്തേത്. സോവിയറ്റ് യൂനിയൻ കാലത്ത് അത് ഓയിൽ റിഗ്ഗിങ്ങിനു വേണ്ടിയോ മറ്റോ പൊളിച്ചു കളഞ്ഞു. ആ സ്ഥാനത്ത് അസർബൈജാൻ സർക്കാർ പുതുക്കിപ്പണിതതാണ് ഇപ്പോൾ കാണുന്ന കെട്ടിടങ്ങൾ. ഒരു കാര്യം മാത്രം അവർക്ക് പുനഃസൃഷ്ടിക്കാൻ സാധിച്ചിട്ടില്ല, ഭൂമിക്കടിയിൽ നിന്നുള്ള അഗ്നിസ്ഫുലിംഗങ്ങൾ. ഇപ്പോൾ അഗ്നിത്തറയിൽ എരിഞ്ഞു കൊണ്ടിരിക്കുന്നത് മനുഷ്യനിർമിതമായ അഗ്നിയാണ്. പക്ഷേ 3000 കൊല്ലം മുൻപ് തന്നെയുള്ള നാച്ചുറൽ ഫയർ അണയാതെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഫയർ ടെമ്പിളിനകത്ത് ഗണപതിയുടെ ഫോട്ടോ വെച്ച ഒരു മുറിക്കകത്ത് എത്തപ്പെട്ടു. അസർബൈജാനി ലേഡി ഗൈഡ് ലോർഡ് ഗണേഷിനെ പറ്റി വിവരിക്കുകയാണ്. പാർവതിയുടെ മുറിയിലേക്ക് കയറിയ ഗണേഷിനെ ആളറിയാതെ ശിവൻ തല ഛേദിച്ചതും പിന്നീട് തെറ്റ് മനസ്സിലാക്കിയ ശിവൻ ആനയുടെ തല നൽകിയതുമെല്ലാം. ശിവ ഭഗവാന്റെ ഭാര്യയായ സതീ ദേവിയുടെ മരണവും വിരഹവേദനയാൽ ശിവ ഭഗവാന്റെ താണ്ഡവവും വിഷ്ണു ഭഗവാൻ വന്ന് പരിഹാരത്തിനായി പാർവതിയുടെ ശരീര ഭാഗങ്ങൾ സുദർശന ചക്രത്താൽ 51 കഷ്ണങ്ങളായി ഛേദിച്ചതും അതിലൊരു ഭാഗം ഈ ഭാഗത്ത് എത്തി എന്നൊക്കെയും… ഇടക്ക് ചില സംശയങ്ങൾ ചോദിച്ച എന്നോട് അസർബൈജാനി ഗൈഡ് തമാശയോടെ ചോദിച്ചു, നിങ്ങൾ ഒരിന്ത്യക്കാരനല്ലേ, ഇതെല്ലം ഞാൻ പറഞ്ഞു തരണോ..!

െബർണിങ് ഫയർ മൗണ്ടെൻ
അടുത്ത ദിവസം ഗ്രാമങ്ങളിലൂടെ ഒറ്റക്ക് കറങ്ങാമെന്ന ചിന്തയുമായ് ടൂറിസ്റ്റുകളൊന്നും അധികം പോകാത്ത ട്രെയിനിന്റെ ലാസ്റ്റ് സ്റ്റോപ്പ ആയ സുംഗയ്ത്ത് എന്ന സ്ഥലത്തേക്ക് ടിക്കറ്റ് എടുത്ത് കേറി. ട്രെയിൻ ബാകൂ സിറ്റിയുടെ ദൃശ്യങ്ങളെല്ലാം വിട്ട് ചെറിയ ചെറിയ കെട്ടിടങ്ങളും ചേരിപ്രദേശങ്ങളും നിറഞ്ഞ സ്ഥലത്തുകൂടി യാത്ര തുടർന്നു. അവസാനം കാഴ്ചകൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ പാടമെന്നു തോന്നിപ്പിക്കുന്ന നിരന്ന പ്രദേശങ്ങളും കടന്ന് അവസാന സ്റ്റേഷനായ സുംഗയ്ത്തിലെത്തി. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളും ആ സ്റ്റേഷനിലോ പരിസര പ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല. ഇറങ്ങി ലക്ഷ്യബോധമില്ലാതെ ഗ്രാമങ്ങൾ തേടി നടന്നു. തീർത്തും ഗ്രാമമെന്ന് പറയാൻ സാധിക്കില്ല, കുറച്ചു പഴകിയ റസിഡൻഷ്യൽ ഫ്ലാറ്റ് ഒക്കെയുള്ള സ്ഥലം. അതിന്റെ തൊട്ടടുത്ത് ഒരു സ്കൂളുണ്ട്, ടൂറിസ്റ്റുകളെ അധികം കണ്ടു പരിചയമില്ലാത്തതിനാൽ സ്കൂൾ കുട്ടികൾ ഞങ്ങളെ തന്നെ നോക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നുണ്ട്.
അവർക്ക് എന്തെങ്കിലും എന്നോട് ചോദിക്കണമെന്നുണ്ട്. ഒരുപക്ഷേ, ചിലപ്പോൾ ഖത്തർ വേൾഡ് കപ്പിൽ വളന്റിയറായപ്പോൾ കിട്ടിയ ആരും ശ്രദ്ധിക്കുന്ന ജാക്കറ്റാണ് ഞാനിട്ടിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ്. ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാലാണ് അവർ നിന്ന് പരുങ്ങുന്നത്. അവസാനം അറിയാവുന്ന രീതിയിൽ എവിടുന്നാ എന്ന് ചോദിച്ചു, ഹിന്ദുസ്ഥാൻ എന്ന് പറഞ്ഞപ്പോ അവർക്ക് സന്തോഷം. എന്റെ കൂടെയുള്ളത് ഒരു പാകിസ്താൻ കശ്മീരി ആണ്, പേര് ഡാനിഷ്. ബാകുവിൽ നിന്ന് പരിചയപ്പെട്ടതാണ്,
ഡാനിഷ് തിരിച്ചെങ്ങനെ പോവുമെന്ന് ആലോചിച്ച് ടാക്സിക്കാരോട് -ഗൂഗ്ൾ ട്രാൻസലേറ്റിൽ ഇംഗ്ലീഷ്-അസർബൈജാനി കാണിച്ചുകൊണ്ട് റേറ്റും കാര്യങ്ങളും ചോദിക്കുകയാണ്. കുട്ടികൾ എന്റെ ജാക്കറ്റ് ഒറിജിനലാണോ കോപ്പി ആണോന്ന് ചോദിച്ചു! ആ കുട്ടികളുടെ സംസാരം കേട്ടപ്പോൾ എനിക്കെന്റെ മകനെ ഓർമ വന്നു. അവർക്കാകെ ഒറ്റ വിഷയമേ പറയാനുള്ളൂ, മെസ്സി ഫാൻ ഓർ റൊണാൾഡോ ഫാൻ.. ഞാൻ നെയ്മർ ഫാനാണെന്ന് പറഞ്ഞപ്പോൾ അവരെല്ലാം ചിരിച്ചു. ഗ്രൂപ് ഫോട്ടോ എടുത്ത് കൈ കൊടുത്ത് പിരിയുമ്പോൾ അസർബൈജാൻ ഇഷ്ടപ്പെട്ടോ എന്നവർ ചോദിച്ചു. കൈകൊണ്ട് ഞാൻ ഹൃദയത്തിന്റെ ചിഹ്നം കാണിച്ചു. ടാക്സിയിൽ കയറി ഞങ്ങൾ ഖബാല എന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. റിയർ വ്യൂ കണ്ണാടിയിൽ കുട്ടികൾ എന്നിൽ നിന്ന് അകന്നുപോകുന്നത് ഞാൻ കണ്ടു.









