
പെര്‍ത്ത്: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്നുമുതല്‍. ആദ്യ മത്സരം ഇന്ത്യന്‍ സമയം രാവിലെ 7.50 ന് ആരംഭിക്കും. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന അഞ്ച് മത്സര പരമ്പരയുടെ അവസാന അങ്കം ജനുവരി നാലിന് സഡ്‌നിയിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ക്ഷീണം കരീബിയന്‍ നാടുകളിലെത്തി വെസ്റ്റിന്‍ഡീസിനോട് തീര്‍ത്തുകൊണ്ടാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ ആഷസ് പരമ്പരയ്‌ക്കായി ഒരുങ്ങിയിറങ്ങുന്നത്. ജൂണില്‍ 3-0നായിരുന്നു വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചത്. ഇതേ ജൂണില്‍ ആരംഭിച്ച അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഭാരതത്തിന് മുന്നില്‍ സ്വന്തം നാട്ടില്‍ 2-2ന് സമനില വഴങ്ങേണ്ടി വന്ന ക്ഷീണം ഇംഗ്ലണ്ടിനുണ്ട്. ഇതിന് മുമ്പ് ഇംഗ്ലണ്ട് ആഷസ് പരമ്പര സ്വന്തമാക്കിയിട്ട് 10 വര്‍ഷമായെന്നതും ബെന്‍ സ്റ്റോക്‌സിനെയും കൂട്ടരെയും അലട്ടുന്ന വസ്തുതയാണ്. അതിന് ശേഷം രണ്ട് തവണ സ്വന്തം നാട്ടില്‍ പരമ്പര നടന്നപ്പോള്‍(2019ലും 2023ലും) 2-2 സമനിലയില്‍ പിരിയുകയാല്ലാതെ ജയിക്കാന്‍ സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ആഷസ് നടന്നത് രണ്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലാണ്.
14 വര്‍ഷമായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ ജയിച്ചിട്ടില്ല
ആഷസ് പരമ്പര 2025-26ന്റെ അലയൊലികള്‍ തുടങ്ങിയത് മുതല്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നതും ഓര്‍ക്കുന്നതും നാല് വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ 4-0ന് നാണം കെട്ട് മടങ്ങിയ കഥയാണ്. എന്നാല്‍ ഇംഗ്ലണ്ട് ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചിട്ട് 15 വര്‍ഷത്തിനോടടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 2011 ജനുവരി മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിച്ച മത്സരത്തിലായിരുന്നു ആ വിജയം. അന്ന് ഇന്നിങ്‌സിനും 83 റണ്‍സിനും ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 2010-11 പരമ്പരയിലെ അവസാന മത്സരമായിരുന്നു അത്. അന്നത്തെ പരമ്പരയില്‍ കരുത്തനായ റിക്കി പോണ്ടിങ്ങിന് കീഴിലുള്ള ഓസീസ് ടീമിനെ ആന്‍ഡ്രൂ സ്‌ട്രോസിന് കീഴിലുള്ള ഇംഗ്ലണ്ട് 3-1 തോല്‍പ്പിച്ചാണ് മടങ്ങിയത്.
കമ്മിന്‍സ് ഇല്ല, സ്റ്റീവ് നയിക്കും
പരിക്ക് ഭേദമാകാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസീസിനെ നയിക്കാനില്ല. അത് അവര്‍ക്കൊരു പ്രശ്‌നമല്ല. 2018ലെ പന്ത് ചുരണ്ടല്‍ വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് പകരക്കാരനായി നയിക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നായക കസേരയ്‌ക്ക് മാറ്റമുണ്ടാവില്ലായിരുന്നു. പക്ഷെ കമ്മിന്‍സെന്ന പേസര്‍ക്കൊപ്പം ജോഷ് ഹെയ്‌സല്‍വുഡിനെ കൂടി പരിക്ക് കാരണം നഷ്ടപ്പെട്ടത് ഓസീസിന് ചില്ലറ പ്രശ്‌നമല്ല സൃഷ്ടിക്കുക. മിച്ചല്‍ സ്റ്റാര്‍ക് നയിക്കുന്ന പേസ് നിരയില്‍ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് എന്ന പുതുമുഖ പേസര്‍ക്ക് ഓസീസ് ന്യൂബോള്‍ എറിയാന്‍ അവസരം നല്‍കിയിട്ടുണ്ട്. ബാറ്റിങ് ലൈനപ്പിലും ഒരു അരങ്ങേറ്റ താരം ഇന്ന് ഇറങ്ങുന്നുണ്ട്. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഓപ്പണറായി പരീക്ഷിക്കുന്നത് ജെയ്‌ക്ക് വെതറാള്‍ഡിനെയാണ്. മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം നമ്പര്‍ പൊസിഷനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ ആറാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യുക.
ഇംഗ്ലണ്ടിനും പരിക്ക് പ്രശ്‌നങ്ങള്‍
പേസര്‍ മാര്‍ക് വുഡിന്റെ ഫിറ്റ്‌നസ് ഇംഗ്ലണ്ടിന് വലിയ ആശങ്കയാണ്. സാധാരണ ഗതിയില്‍ തലേന്ന് തന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ച് ശീലമുള്ള ഇംഗ്ലണ്ട് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായായിരിക്കും ആരൊക്കെ കളിക്കുമെന്ന് തീരുമാനിക്കുക. സ്പിന്നറെ ഉള്‍പ്പെടുത്തണോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. അഞ്ച് പേസര്‍മാരെ ഇറക്കേണ്ടിവന്നാല്‍ ബ്രൈഡന്‍ കാഴ്‌സെയ്‌ക്ക് അവസരം നല്‍കും. അല്ലെങ്കില്‍ കാഴ്‌സെയെ മാറ്റി സ്പിന്നര്‍ ഷോയിബ് ബാഷറെ ഇറക്കും.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍:
ഉസ്മാന്‍ ഖവാജ, ജെയ്‌ക്ക് വെതറാള്‍ഡ്, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍) ട്രാവിസ് ഹെഡ്, കമാറോണ്‍ ഗ്രീന്‍, അലെക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ബ്രെന്‍ഡന്‍ ഡൊഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്
ഇംഗ്ലണ്ട് അന്തിമ ഇലവന്‍ ആയില്ല, ടീം:
ബെന്‍ ഡക്കറ്റ്, സാക് ക്രൗളി, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ആംഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വൂഡ്, ബ്രൈഡന്‍ കാഴ്‌സ്, ഷോയിബ് ബാഷിര്‍, ജേക്കബ് ബെതല്‍, മാത്യൂ പോട്ട്‌സ്, ജോഷ് ടംഗ്, വില്‍ ജാക്‌സ്









