
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ എട്ടാം റൗണ്ടിലേക്ക്. ഇന്ന് രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ തൃശൂര്‍ മാജിക് സ്വന്തം തട്ടകമായ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. കഴിഞ്ഞ ഹോം മാച്ചില്‍ കാലിക്കറ്റ് എഫ്‌സിയോട് 1-0ന് തോറ്റതിന്റെ ക്ഷീണം ആതിഥേയര്‍ക്കൊപ്പമുണ്ട്.
തൃശൂര്‍ മാജിക് എഫ്‌സിയുടെ മൂന്നാമത്തെ ഹോം മാച്ചാണ് ഇത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്‌ച്ചത്തെ മത്സരമാണ് കാലിക്കറ്റിനോട് 0-1ന് അടിയറവച്ചത്.
സീസണില്‍ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ മാജിക് കൊമ്പന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം 17ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-0നായിരുന്നു തൃശൂരിന്റെ വിജയം. എവേ മാച്ചില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസം മാജിക്കിനുണ്ട്.
കൊമ്പന്‍സാകത്തെ അവസാന കളിയില്‍ സീസണില്‍ അങ്ങേയറ്റം ദുര്‍ബലരായ ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ചാണ് തൃശൂരിലെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച എറണാകുളം മഹാരാജസ് ഗ്രൗണ്ടില്‍ നടന്ന പോരാട്ടം 1-0നാണ് ജയിച്ചത്.
സീസണില്‍ ഇതുവരെയുള്ള ഏഴ് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊമ്പന്‍സ് മൂന്ന് വിജയവുമായി നാലാം സ്ഥാനത്താണ്. ഇത്രയും തന്നെ മത്സരങ്ങള്‍ പരാജയപ്പെട്ടു. ഒരു മത്സരം സമനിലയിലായി ആക പത്ത് പോയിന്റാണ് ഉള്ളത്. പത്ത് പോയിന്റുള്ള മലപ്പുറം ഗോള്‍ വ്യതായസത്തിന്റെ മികവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാനാകും.
ഏഴ് മത്സരങ്ങളില്‍ നാല് വിജയവുമായി രണ്ടാം സ്ഥാനത്താണ് മാജിക് എഫ്‌സി. രണ്ട് മത്സരങ്ങളില്‍ പാരജയപ്പെട്ടു. ഒരു മത്സരം സമനിലയിലായി. ആകെ 13 പോയിന്റുകളുണ്ട്. ഒന്നാം സ്ഥാനത്ത് കാലിക്കറ്റ് എഫ്‌സി ആണ്. 14 പോയിന്റാണുള്ളത്. എറ്റവും കുറവ് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത് കണ്ണൂര്‍ വാരിയേഴ്‌സ് ആണ്. രണ്ടെണ്ണം. ഏഴ് മത്സരങ്ങളില്‍ ഒരു സമനില പോലും നേടിയെടുക്കാന്‍ കഴിയാതെ പോയ ഏകടീം ഫോഴ്‌സ കൊച്ചി ആണ്.









