
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്ക് സ്വന്തം തട്ടകത്തില്‍ സമനില. ഇന്നലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോടാണ് സമനില വഴങ്ങിയത്. രണ്ട ടീമുകളും ഓരോ ഗോള്‍ വീതം നേടി. കൊമ്പന്‍സിനായി പൗളോ വിക്ടറും തൃശൂരിനായി ഫൈസല്‍ അലിയും നേടി. എട്ട് കളികളില്‍ 14 പോയന്റുമായി തൃശൂര്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. 11പോയന്റുള്ള കൊമ്പന്‍സ് മൂന്നാമത്.
ആദ്യ ഇലവനില്‍ അഞ്ച് മാറ്റങ്ങളുമായാണ് ആതിഥേയരായ തൃശൂര്‍ എട്ടാം മത്സരത്തിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലിറങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ തിരുവനന്തപുരം ഗോളടിച്ചു. ഷാഫിയില്‍ നിന്ന് വന്ന പന്ത് തൃശൂരിന്റെ മുഹമ്മദ് ജിയാദിന് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴച്ചപ്പോള്‍ ഓടിപ്പിടിച്ച പൗളോ വിക്ടര്‍ ഗോളാക്കി മാറ്റി (10). ലീഗില്‍ ബ്രസീലുകാരന്‍ നേടുന്ന രണ്ടാമത്തെ ഗോള്‍.
എന്നാല്‍ കൊമ്പന്‍സിന്റെ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല. പതിനാറാം മിനിറ്റില്‍ തൃശൂര്‍ തിരിച്ചടിച്ചു. ഇവാന്‍ മാര്‍ക്കോവിച്ചിന്റെ പാസ് കെവിന്‍ ജാവിയര്‍ നീക്കി നല്‍കിയപ്പോള്‍ ഫൈസല്‍ അലി ഫസ്റ്റ് ടൈം ടച്ചില്‍ പന്ത് വലയിലാക്കി (11).
ഇരുപത്തിയാറാം മിനിറ്റില്‍ എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ കൊമ്പന്‍സിന്റെ റൊണാള്‍ഡ് നടത്തിയ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇരുഭാഗത്ത് നിന്നും ആസൂത്രിതമായ നീക്കങ്ങളൊന്നും പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് ഷാഫിയെ പിന്‍വലിച്ച കൊമ്പന്‍സ് മുഹമ്മദ് അസ്ഹറിനെ കൊണ്ടുവന്നു. എഴുപത്തിമൂന്നാം മിനിറ്റില്‍ കെവിന്‍ ജാവിയര്‍ എടുത്ത ഫ്രീകിക്ക് കൊമ്പന്‍സിന്റെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ റൊണാള്‍ഡ് പറത്തിയ ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തട്ടിത്തെറിപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ തൃശൂര്‍ ഒരു ഗോളിന് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.
ഞായറാഴ്ച എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കിക്കോഫ്.









