വികസ്വര രാജ്യങ്ങളില്‍ ബാങ്കുകള്‍ പ്രധാന സാമ്പത്തിക ഇടനിലക്കാരാണ്.ജനസമൂഹങ്ങളുടെ സാമ്പത്തിക നേട്ടങ്ങളുടെ പ്രധാന കാരണങ്ങള്‍ ബാങ്ക് നിക്ഷേപവും ബാങ്ക് വായ്പയുമാണ്.
കൃഷി ഉന്നയൻ സമിതി
ചക്ലയിൽ 1971 ൽ രൂപവത്കരിക്കപ്പെട്ട പ്രാഥമിക സഹകരണ സംഘം. (കൃഷി ഉന്നയൻ സമിതി).പിന്നീട് ബാങ്കിങ് സംവിധാനത്തിലേക്ക് മാറുകയായിരുന്നു1971 ൽ BCom ബിരുദധാരിയായിരുന്ന അബ്ദുൽ ഗഫാർ മേണ്ഡൽ അഭയാർഥി പുനരധിവാസ വകുപ്പിൽ താൽകാലിക ജീവനക്കാരനായി പ്രവർത്തിച്ചുവരവെ സഹകരണസംഘത്തിന്റെ പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചിരുന്നു, പിന്നീട് ചക്ള പഞ്ചായത്ത് മെംബറായി. തുടർന്ന് അദ്ദേഹം ഈ സഹകരണ സംഘത്തിലെ ജീവനക്കാരനായിമാറുകയും തുടർന്ന് ബാങ്കിന്റെ മാനേജരായി വിരമിക്കപ്പെട്ടു. വിരമിച്ചെങ്കിലും ബാങ്കിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കവെ 2025 ലാണ് അദ്ദേഹം നിര്യാതനായത്. കുത്തബുദ്ദീൻ േമണ്ഡൽ എന്ന ചെറുപ്പക്കാരനാണ് ഇന്നത്തെ മാനേജർ. പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനസ് ജില്ലയിലെ ചക്ല എന്ന ഈ കാർഷിക ഗ്രാമത്തിന്റെ ഏക ധനകാര്യ ആശ്രയകേന്ദ്രവും സ്വയംസഹായസംഘങ്ങളുടെ സാമ്പത്തിക സഹായസ്രോതസ്സുമാണ് ഈ സഹകരണ ബാങ്ക്. ചക്ല കാർഷിക സഹകരണ ബാങ്ക് (കൃഷി ഉന്നയൻ സമിതി) ചക്ലയിൽ കാലോചിതമായി പരിവർത്തനപ്പെടാതെ, ഇന്നും പുതിയ കാലത്തോട് സൗഹൃദപരമല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

അബ്ദുൽ ഗഫാർ മേണ്ടൽ
1975 ൽ ആരംഭിച്ചതും, 2003 മുതൽ പണമിടപാടുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തിട്ടുള്ളതുമായ ഈ ബാങ്ക് ഇപ്പോഴും പ്രവർത്തിക്കുന്നത് സ്ഥലപരിമിതി വളരെ ഏറെയുള്ള ഒരു ചെറിയ മുറിയിലാണ്. രാവിലെഎട്ടു മുതൽ 11വരെയും, വൈകുന്നേരം നാലു മുതൽ ഏഴുമണി വരെയുമാണ് ഈ ബാങ്കിന്റെ പ്രവൃത്തിസമയം. ഒരേ ഒരു ജീവനക്കാരനിലൂടെയാണ് ഇന്നും ഈ ബാങ്ക് പ്രവർത്തിച്ചു വരുന്നത്.ചക്ലയ്ക്ക് സമീപ പഞ്ചായത്തുകളിലൊന്നും ഇത്രയും ‘വലിയ’ ബാങ്ക് സംവിധാനം ഇല്ലെന്നതും ഒരു യഥാർഥ്യമാണ്! ബംഗാൾ സംസ്ഥാന സഹകരണ ബാങ്കാണ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നത്. വളരെ ദുർബലമാണ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ. ജനസംഖ്യാനുപാതികമായി ബാങ്കിങ് സംവിധാനം ഇന്ത്യാരാജ്യത്ത് വികസിച്ചിട്ടില്ല എന്ന യാഥാർഥ്യം വസ്തുതാപരമായി തിരിച്ചറിയുമ്പോഴും ബംഗാളി ഗ്രാമങ്ങളിൽ ബാങ്കിങ് പ്രവർത്തനങ്ങൾ വളരെയേറെ പരിമിതമാണെന്നത് പറയാതിരിക്കാനാവില്ല.
22 വാർഡുകളുള്ള ചക്ല എന്ന കാർഷിക ഗ്രാമസഞ്ചയത്തിലെ, ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്താവാൻ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഒരു ബ്രാഞ്ച് ചക്ലയിലെ പത്തർഖട്ട എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മറ്റ് ചില ബാങ്കുകളുടെ സർവിസ് സെന്ററുകളും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പതിനായിരം രൂപ വരെയുള്ള പണവിനിമയ സംവിധാനങ്ങൾ മാത്രമായി ഇത്തരം സർവിസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഒതുങ്ങുന്നു. ഇങ്ങനെയല്ലാം വളരെ ദുർബലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കിങ് മേഖല എങ്ങനെ ഗ്രാമീണ ബംഗാളിന്റെ സാമ്പത്തിക ശാക്തീകരണത്തിന് കരുത്തേകും?

ഗ്രാമങ്ങളിലെ സാധാരണ ജനതയുടെ ജീവിതത്തെ ശക്തിപ്പെടുത്തുക വഴി രാഷ്ട്ര പുനർനിർമാണത്തിന്റെയും, അതിലേക്ക് സഹകരണ സംഘങ്ങളുടെയും ആവശ്യകതയെയും കുറിച്ച് പഠിക്കാനായി മഹാനായ ടാഗോർ ആശ്രയിച്ചത് സർ ഡാനിയൽ ഹമിൽട്ടനെയായിരുന്നു.ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായ സർ ഡാനിയൽ ഹമിൽട്ടൻ ജീവിച്ചിരുന്നത് ബംഗാളിൽത്തന്നെയായിരുന്നു,
ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും…
ബംഗാളിനെപ്പറ്റി മേനി പറഞ്ഞവർ സഹകരണസംഘങ്ങളുടെ കാര്യത്തിൽ എന്തു കൊണ്ട് ബംഗാൾ പിന്നോട്ടുപോയി എന്ന് ചിന്തിച്ചിട്ടുണ്ടാവുമോ?സർ ഡാനിയൽ ഹാമിൽട്ടൻ എന്ന സ്കോട്ട്ലൻഡ് സ്വദേശി സായിപ്പ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിലെ സുന്ദർബൻ പ്രദേശത്ത് 9000 ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങുകയും ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളിലെ ദാരിദ്ര്യബാധിതരായ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ചിന്താസരണികൾ ഗോസബ ദ്വീപിൽ പ്രാവർത്തികമാക്കുകയും ചെയ്തിരിന്നു. ഗോസബയിലും മറ്റ് സുന്ദർബൻ പ്രദേശങ്ങളിലെയും ജനങ്ങൾക്കിടയിൽ അദ്ദേഹം സഹകരണസംവിധാനം എന്ന ആശയം അവതരിപ്പിച്ചു, അങ്ങനെ സമൂഹത്തോടുള്ള ഉത്തരവാദിത്തം പങ്കിട്ടെടുക്കാൻ പരസ്പര സഹായങ്ങൾകൊണ്ട് കഴിയുമെന്ന് ജനങ്ങളെ ബോധവത്കരിച്ച് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം സുന്ദർബൻസിലെ സഹകരണ സംഘങ്ങളുടെ സ്ഥാപനത്തോടെ അദ്ദേഹം ആരംഭിച്ചു. ഗോസബയിൽ 1918 ൽ 15 അംഗങ്ങളുള്ള സഹകരണ ക്രെഡിറ്റ് സൊസൈറ്റി, ‘ഒരു കൂട്ടം ഗ്രാമീണ ക്രെഡിറ്റ് സൊസൈറ്റികളുടെ ഒരു ന്യൂക്ലിയസ്’ എന്ന രീതിയിൽ ആരംഭിച്ചു. 1919- കേന്ദ്ര കാർഷിക ഫാം, 1923-ൽ ഒരു സഹകരണ നെല്ല് വിൽപന സൊസൈറ്റി, 1924-ൽ ഗോസബ സെൻട്രൽ കോ-ഓപറേറ്റിവ് ബാങ്ക്, 1927-ൽ ജമിനി റൈസ് മിൽ,1934-ൽ റൂറൽ റീകൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ആരംഭിച്ചു.

നൊബേൽ സമ്മാനജേതാവായ കവി രബീന്ദ്രനാഥ ടാഗോറിന്റെ സമകാലികനും അടുത്ത സഹപ്രവർത്തകനുമായിരുന്നു സർ ഡാനിയൽ ഹാമിൽട്ടൻ, ഗ്രാമപുനർനിർമാണത്തിന്റെയും, സഹകരണസംഘങ്ങളുടെയും ആവശ്യകതയെക്കുറിച്ച് ടാഗോർ പഠിച്ചത് സർ ഡാനിയൽ ഹമിൽട്ടണിൽനിന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെക്ക്-പടിഞ്ഞാറൻ ബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആദിവാസി ഗോത്രജന വിഭാഗങ്ങൾക്ക് സുന്ദർബൻ പ്രദേശമായ ഗോസബയിൽ ഹാമിൽട്ടൻ അഭയം നൽകി. കൃഷി, വിളകളുടെസംഭരണം, സഹകരണ ബാങ്കിങ് എന്നീ ആശയങ്ങളിലൂടെ അവിടെ സ്ഥാപിക്കപ്പെട്ട സഹകരണസംഘങ്ങളെ അടിസ്ഥാനമാക്കി ഒരു ‘ആദർശ സമൂഹം’ വികസിപ്പിച്ചെടുക്കുകയും ചെയ്ത സർ ഡാനിയൽ ഹമിൽട്ടണാണ് ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടത് സുന്ദർബൻ പ്രദേശം 24 നോർത്ത് പർഗാനസ് ജില്ലയിലുൾപ്പെടുന്നതും,ബംഗാളിൽ ഇന്നും ഏറ്റവും പിന്നാക്കം നിൽക്കുന്നതുമായ ഒരു ജില്ലയാണ് എന്നത് തന്നെയാണ്.

ഹാമിൽട്ടന്റെ ആശയങ്ങളുടെ തുടർച്ച ഏറ്റെടുത്ത് നവീകരിച്ച് ശക്തിപ്പെടുത്തി ബംഗാളി ഗ്രാമീണ കാർഷകരെയും, ഗ്രാമീണ കാർഷിക മേഖലയെ പൂർണമായിത്തന്നെയും കൊള്ളപ്പലിശക്കാരായ സ്വകാര്യപണമിടപാടുകരിൽനിന്നും അകറ്റി നിർത്താനും, ഗ്രാമീണ ജനതയുടെ ധനകാര്യ-സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ശക്തിപകരാനും ഭരണപരമായി ചെയ്യാനാകുമായിരുന്ന കാര്യങ്ങൾ പോലും ഫലപ്രദമായി ചെയ്യാൻ ഭരണാധികാരികൾക്ക് കഴിയാതെ പോയി. എല്ലാം അറിയാവുന്നവർ എന്ന് സ്വയം അഹങ്കരിച്ച ഭരണാധികാരികളും ഒപ്പം അവർക്കു വേണ്ടി സെമിനാർ വേദികളിൽ അച്ചടിഭാഷയിൽ സംസാരിക്കുകയും, പ്രബന്ധങ്ങൾ എഴുതുകയും ചെയ്തവരായ കൊൽക്കത്ത നഗരത്തിലെ കോളജ് സ്ട്രീറ്റിലെ ഇന്ത്യൻ കോഫി ഹൗസിലെ കാപ്പിക്കോപ്പ ബുദ്ധിജീവികൾക്കും,രാഷ്ട്രീയക്കാർക്കും കഴിയാതെപോയി.









