യാംബു: പൗരാണിക അറബ് വ്യാപാര കേന്ദ്രമെന്ന പോയകാല പ്രതാപങ്ങളുടെ ഓർമകൾ അയവിറക്കി ഒരു സൗദി ഗ്രാമം, അൽ ഖാദിമ. ജിദ്ദ-റാബിഖ് തീരദേശ റോഡിനോട് ഓരംചേർന്ന് ഈ ഗ്രാമം കച്ചവടം പൊടിപൊടിച്ചിരുന്ന ഒരു കാലത്തിെൻറ ഗൃഹാതുരത്വമാർന്ന അവശിഷ്ടങ്ങളിൽ മയങ്ങി നീണ്ടുനിവർന്നു കിടക്കുന്നു. സൗദിയുടെ പടിഞ്ഞാറു ഭാഗമായ മക്ക പ്രവിശ്യയിലെ റാബിഖ് ഗവർണറേറ്റ് പരിധിയിൽ തെക്കു ഭാഗത്തായാണ് ഈ സ്ഥലം.

മണ്ണുരുളകളും ഇഷ്ടികകളും കൊണ്ട് പടുത്ത വീടുകളും കടകളും ബഹളമുഖരിതമായിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പുകളായി അവിടെ ബാക്കിയുള്ളത്. ഊർജസ്വലമായ വാണിജ്യ, സാമൂഹിക യുഗത്തിനാണ് പ്രദേശം സാക്ഷ്യംവഹിച്ചതെന്ന് തെളിയിക്കുന്നതാണ് ഈ കാഴ്ചകൾ. പ്രാചീന അറബി സമൂഹത്തിെൻറ അഭിവൃദ്ധി വിളങ്ങിനിന്ന വാണിജ്യ കേന്ദ്രത്തെ പ്രതിഫലിപ്പിക്കുന്ന ധാരാളം ശേഷിപ്പുകൾ ഈ ഗ്രാമത്തിലുണ്ട്.

മക്ക, മദീന, യാംബു എന്നിവിടങ്ങളിൽനിന്നുള്ള തദ്ദേശീയരെയും വ്യാപാര യാത്രസംഘങ്ങളെയും ആകർഷിക്കുന്ന തിരക്കേറിയ ഒരു കേന്ദ്രമായിരുന്നു ഒരു കാലത്ത് അൽ ഖാദിമ എന്ന് അറബ് ഗ്രന്ഥങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കടൽ, കര യാത്രാസംഘങ്ങൾക്ക് ഒരു പ്രധാന വ്യാപാര, വിതരണ കേന്ദ്രമായി പ്രദേശം മാറിയിരുന്നു. മരുഭൂമിക്കും തീരത്തിനും ഇടയിൽ ആളുകൾ സാധനങ്ങളും പ്രാദേശിക ഉൽപന്നങ്ങളും കൈമാറ്റം ചെയ്യുന്ന ഒരു സുപ്രധാന കണ്ണിയായി ഇത് പ്രവർത്തിച്ചിരിക്കാമെന്നും വിലയിരുത്തുന്നു.

അൽ ഖാദിമ മാർക്കറ്റ് ഈ പ്രദേശത്തിെൻറ മുഖ്യ സാമ്പത്തിക കേന്ദ്രമായി മാറിയിരുന്നു. മണ്ണിഷ്ടികകൾ കൊണ്ടുള്ള കടകൾ രണ്ട് വരികളായി നിർമിച്ചതായി കാണാം. വ്യാപാര കേന്ദ്രങ്ങൾക്കിടയിൽക്കൂടി സഞ്ചാരയോഗ്യമായ ഇടുങ്ങിയ നിരത്തുകൾ പണിതിരുന്നു. വിവിധയിനം ധാന്യങ്ങൾ, ഈത്തപ്പഴം, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, വിവിധ മത്സ്യബന്ധന സാധനങ്ങൾ, കടൽയാത്ര ഉപകരണങ്ങൾ എന്നിവയായിരുന്നു ഇവിടത്തെ മാർക്കറ്റിൽ മുഖ്യമായി വ്യാപാരം നടത്തിയിരുന്നത്. തീരദേശ നിവാസികളുടെ ഒത്തുകൂടലിനുള്ള മുഖ്യ കേന്ദ്രം കൂടിയായിരുന്നു അന്ന് ഈ പ്രദേശം. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജലസ്പർശമുള്ള ഇടങ്ങളെ ആശ്രയിച്ച് അഭിവൃദ്ധിപ്രാപിച്ച പ്രാചീന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് അൽ ഖാദിമ ഗ്രാമം.










