മസ്ഫൂത്ത് മേഖലയിലെ മനോഹരമായ പർവതപ്രദേശങ്ങളിൽ സാഹസികതയും സഹിഷ്ണുതയും സമന്വയിപ്പിക്കുന്ന അതുല്യമായ കായിക പരിപാടിയുമായി അജ്മാന് വിനോദ സഞ്ചാര സാംസ്കാരിക, മാധ്യമ വകുപ്പ്. ഡിസംബർ രണ്ടിന് നടക്കാനിരിക്കുന്ന മസ്ഫൂത്ത് എക്സ് റേസിൽ മൗണ്ടൻ ട്രെയിൽ റണ്ണിങ്, മൗണ്ടൻ ബൈക്കിങ്, എൻഡുറൻസ് റൺ എന്നിവ സംയോജിപ്പിച്ച് മൂന്ന് പ്രധാന ഘട്ടങ്ങൾ ഉണ്ടായിരിക്കും. അജ്മാനിൽ നടന്ന പത്ര സമ്മേളനത്തിൽ സപ്പോർട്ട് സർവീസസ് വകുപ്പ് മേധാവി ജവഹർ അൽ മാത്രൂഷിയാണ് പ്രഖ്യാപനം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമം എന്ന ബഹുമതി മസ്ഫൂത്തിനു ലഭിച്ചതിന്റെ ഭാഗമായാണ് മസ്ഫൂത്ത് എക്സ് ആരംഭിച്ചിരിക്കുന്നത്.
ഗ്രാമങ്ങളെയും പർവതപ്രദേശങ്ങളെയും രാജ്യത്തിന്റെ യഥാർത്ഥ വ്യക്തിത്വം ഉയർത്തിക്കാട്ടുന്ന സുസ്ഥിര വിനോദസഞ്ചാര, വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്ന എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റിന്റെ ‘എമിറേറ്റ്സ് വില്ലേജസ്’ പദ്ധതിയുമായി യോജിക്കുന്നതാണ് പുതിയ സംരംഭമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഗോള ടൂറിസം പ്രശസ്തി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രാമീണ, സ്പോർട്സ് ടൂറിസത്തെ വളർത്തിയെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ചടങ്ങിന് പങ്കെടുക്കുന്നവർക്കും സന്ദർശകർക്കും ഒരു സംതൃപ്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി മൗണ്ടൻ കയാക്കിങ് ചലഞ്ച് പോലുള്ള അനുബന്ധ പ്രവർത്തനങ്ങൾ നടത്തും. എമിറേറ്റുകളിലുടനീളമുള്ള മികച്ച അത്ലറ്റുകളെയും കായിക പ്രേമികളെയും സാഹസിക, സ്പോർട്സ് പ്രേമികളേയും ഈ ചടങ്ങിലേക്ക് ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷ. വിവിധ ഇനങ്ങളിലായി വിത്യസ്ത മത്സരങ്ങള്‍ അരങ്ങേറും.
വിജയികള്‍ക്ക് മികച്ച തുകയും സമ്മാനമായി നല്‍കുന്നുണ്ട്. മൗണ്ടൻ ബൈക്ക് ചലഞ്ച് അടക്കമുള്ള മത്സരങ്ങള്‍ മുമ്പ് മസ്ഫൂത്തില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും മൂന്ന് ഇനങ്ങളും സംയോജിപ്പിച്ച് മൂന്ന് പ്രധാന ഘട്ടങ്ങളിലായി ആദ്യ പതിപ്പായാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. യു.എ.ഇയിലും മറ്റും സ്പോർട്സ്, സാഹസിക ടൂറിസത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി എമിറേറ്റിനെ സ്ഥാപിക്കുന്നതിൽ ഈ പരിപാടി വലിയ നിർണായക ചുവടുവയ്പ്പാണ് കാഴ്ച്ചവെക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്ഫൂത്ത് നഗരസഭയുമായി സഹകരിച്ചാണ് അജ്മാന് വിനോദ സഞ്ചാര സാംസ്കാരിക, മാധ്യമ വകുപ്പ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.









