
വിജയവാഡ: അണ്ടര്‍ 23 വനിതാ ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഝാര്‍ഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഝാര്‍ഖണ്ഡിന് തുടക്കം തന്നെ പിഴച്ചു. മൂന്ന് മുന്‍നിര ബാറ്റര്‍മാരെയും പുറത്താക്കി സൂര്യ സുകുമാര്‍ തുടക്കത്തില്‍ തന്നെ കേരളത്തിന് മുന്‍തൂക്കം സമ്മാനിച്ചു. എട്ടാമതായി ഇറങ്ങി 28 റണ്‍സുമായി പുറത്താകാതെ നിന്ന വൃഷ്ടി കുമാരിയുടെ ഇന്നിങ്സാണ് അവരെ വലിയൊരു നാണക്കേടില്‍ നിന്ന് കരകയറ്റിയത്. കേരളത്തിന് വേണ്ടി സൂര്യ സുകുമാര്‍ മൂന്നും ശീതള്‍ വി.ജെ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. കേരളത്തിന്റെ തുടക്കവും മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ ദിയ ഗിരീഷും ശ്രദ്ധ സുമേഷും ആറ് റണ്‍സ് വീതം നേടി മടങ്ങി. അനന്യ പ്രദീപ് എട്ടും വൈഷ്ണ എം പി മൂന്നും റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ക്യാപ്റ്റന്‍ നജ്ലയുടെയും കഴിഞ്ഞ മത്സരത്തിലെ മികവ് ആവര്‍ത്തിച്ച ഇസബെല്ലിന്റെയും ഇന്നിങ്സുകള്‍ കേരളത്തിന് തുണയായി. കേരളം 17.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. നജ്ല 24ഉം ഇസബെല്‍ പുറത്താകാതെ 19 റണ്‍സും നേടി. ഝാര്‍ഖണ്ഡിന് വേണ്ടി ആനന്ദിത കിഷോര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.









