
തിരുവനന്തപുരം: ഭാരതവും ശ്രീലങ്കയും തമ്മില്‍ നടക്കാനിരിക്കുന്ന വനിതാ ട്വന്റി20 പരമ്പരയിലെ നിര്‍ണായകമായ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ഡിസംബര്‍ 26, 28, 30 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുക.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികള്‍ക്ക് ഇരട്ടി മധുരമാകും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടെണ്ണം ഡിസംബര്‍ 21, 23 തീയതികളില്‍ വിശാഖപട്ടണത്ത് നടക്കും. തുടര്‍ന്ന് 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹര്‍മന്‍പ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ലോകജേതാക്കള്‍ക്ക് ആതിഥ്യമരുളാന്‍ ലഭിച്ച അവസരം കെ.സി.എയുടെ സംഘാടനമികവിനുള്ള അംഗീകാരമാണെന്ന് കെസിഎ പ്രസിഡണ്ടും ഇന്ത്യന്‍ വിമന്‍ ലീഗ് ചെയര്‍മാന്‍ കൂടിയായ ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ഈ പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയൊരു ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങള്‍ക്കായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.









