
തൃശൂര്‍: നിര്‍ണായക പോരാട്ടത്തില്‍ ഫോഴ്‌സ കൊച്ചിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി തൃശൂര്‍ മാജിക് എഫ്‌സി സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ സെമിയില്‍.
27-ാം മിനിറ്റില്‍ കെവിന്‍ പാഡിലയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ഒന്‍പത് കളികളില്‍ നിന്ന് 17 പോയിന്റുമായാണ് കാലിക്കറ്റ് എഫ്‌സിക്ക് പിന്നാലെ രണ്ടാമത്തെ ടീമായി തൃശൂര്‍ അവസാന നാലിലേക്ക് മുന്നേറിയത്. കഴിഞ്ഞ കളിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിസിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഫോഴ്‌സ കൊച്ചി ഇന്നലെയും പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടു നിന്നെങ്കിലും സെന്‍ട്രല്‍ ഡിഫന്റര്‍മാരായ മെയില്‍സണ്‍ ആല്‍വസും തേജസ് കൃഷ്ണയും ഒരുക്കിയ പ്രതിരോധം മറികടന്ന് ഗോളടിക്കാന്‍ ഫോഴ്‌സയ്‌ക്കായില്ല. തൃശൂര്‍ ഗോളി കമാലുദ്ദീനും മിന്നുന്ന ഫോമിലായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് തൃശൂര്‍ മാജിക് എഫ്‌സി ഇന്നലെ ഇറങ്ങിയത്. മുഹമ്മദ് അഫ്‌സലിന് പകരം നവീന്‍കൃഷ്ണയാണ് ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സിനെ തകര്‍ത്ത ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ ഫോഴ്‌സ കൊച്ചി വരുത്തി. സജീഷ്, റൊണാള്‍ഡ് വാന്‍ കെസല്‍, എ. അജിന്‍ എന്നിവര്‍ക്ക് പകരം കെ.ബി. അബിത്ത്, കെ. ശ്രീരാജ്, അമോസ് കിര്‍യ എന്നിവര്‍ ആദ്യ ഇലവനിലെത്തി. രണ്ട് ടീമും 4-3-3ശൈലിയിലാണ് ഇറങ്ങിയത്.
മൂന്നാം മിനിറ്റില്‍ ഫോഴ്‌സക്ക് കോര്‍ണര്‍ കിട്ടി. എന്നാല്‍ നിജോ ഗില്‍ബര്‍ട്ട് എടുത്ത കിക്ക് മാജിക് താരം ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്തു. തൊട്ടുപിന്നാലെ തൃശൂരിന്റെ ഇവാന്‍ മാര്‍കോവിച്ചിന് ലഭിച്ച അവസരം മുതലാക്കാനായില്ല. ബോക്‌സിന് പുറത്തു മാര്‍കോവിച്ച് തൊടുത്ത ദുര്‍ബല ഷോട്ട് നേരെ കൊച്ചിയുടെ ഗോളി ജെയ്‌മി ജോയ്‌ടെ കൈയ്യിലേക്കായിരുന്നു. ഒന്‍പതാം മിനിറ്റില്‍ ലഭിച്ച മറ്റൊരു അവസരവും ഗോളാക്കി മാറ്റാന്‍ മാര്‍കോവിച്ചിനായില്ല. 19-ാം മിനിറ്റില്‍ മാജിക് എഫ്‌സിയുടെ ഫ്രാന്‍സിസ് അഡോ ബോക്‌സിന് പുറത്തു നിന്ന് പറത്തിയ ലോങ് റേഞ്ചര്‍ ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 23, 25 മിനിറ്റുകളില്‍ രണ്ട് അവസരം ഫോഴ്‌സയ്‌ക്ക് ലഭിച്ചെങ്കിലും നിജോ ഗില്‍ബര്‍ട്ടിന് വലയിലെത്തിക്കാനായില്ല. 27-ാം മിനിറ്റില്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാറാടിച്ച് തൃശൂര്‍ മാജിക് എഫ്‌സി ആദ്യ ഗോളടിച്ചു. ഇടതു വിങ്ങില്‍ക്കൂടി നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ഇവാന്‍ മാര്‍കോവിച്ചിന്റെ കാലില്‍. പന്ത് കിട്ടിയ ഇവാന്‍ ഇന്‍സൈഡ് ബോക്‌സില്‍ കെവിന്‍ പാഡിലയ്‌ക്ക് നല്‍കി. പന്ത് കിട്ടിയ കെവിന്‍ പാഡില തൊടുത്ത കിടിലന്‍ ഷോട്ട് ഫോഴ്‌സ കൊച്ചി ഗോളി ജെയ്‌മി ജോയ് യെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചു കയറി. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ ഫോഴ്‌സയ്‌ക്ക് രണ്ട് ഫ്രീ കിക്കും ഒരു കോര്‍ണറും ലഭിച്ചെങ്കിലും സമനില ഗോള്‍ പിറന്നില്ല. നിജോ ഗില്‍ബര്‍ട്ട് എടുത്ത ആദ്യ ഫ്രീ കിക്ക് പുറത്തേക്ക് പോയപ്പോള്‍ രണ്ടാം ഫ്രീ കിക്ക് തൃശൂര്‍ ഗോളി കമാലുദ്ദീന്‍ കുത്തി തെറിപ്പിച്ചു. ഇതിനിടെ തൃശൂരിന്റെ കെവിന്‍ പാഡിലയ്‌ക്കും ബിബിന്‍ അജയനും മഞ്ഞ കാര്‍ഡ് ലഭിച്ചു. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ആതിഥേയരായ തൃശൂര്‍ മാജിക് എഫ്‌സി 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഫോഴ്‌സ കൊച്ചിയുടെ മുന്നേറ്റമായിരുന്നു കൂടുതല്‍ ഉണ്ടായത്. തുടര്‍ച്ചയായി ഫോഴ്‌സ താരങ്ങള്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിയുടെ ബോക്‌സിലേക്ക് പന്ത് എത്തിച്ചെങ്കിലും സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ മെയില്‍സണ്‍ ആല്‍വസിനെയും തേജസ് കൃഷ്ണയെയും കീഴടക്കി സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. 57-ാം മിനിറ്റില്‍ തൃശൂര്‍ എഫ്‌സി രണ്ട് മാറ്റങ്ങള്‍ വരുത്തി. ഫൈസല്‍ അലിക്ക് പകരം ഫായിസും നവീന്‍ കൃഷ്ണക്ക് പകരം മുഹമ്മദ് അഫ്‌സലും മൈതാനത്തിറങ്ങി. 59-ാം മിനിറ്റില്‍ നല്ലൊരു അവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ നിജോ ഗില്‍ബര്‍ട്ട് നഷ്ടമാക്കി. അധികം കഴിയും മുന്‍പേ ഫോഴ്‌സ കൊച്ചി നിജോഗില്‍ബര്‍ട്ടിനെ പിന്‍വലിച്ച് ജിസെ രാജിനെയും തൃശൂര്‍ ഫ്രാന്‍സിസിന് പകരം ഉമാശങ്കറിനെയും ഇറക്കി. പിന്നീട് വര്‍ഗാസ് ഗാര്‍ഷ്യയെയും അബിത്തിനെയും ഗിഫ്റ്റിയെയും പിന്‍വലിച്ച് റോസ ഡഗ്ലസിനെയും സതീഷ് സംഗീതിനെയും ജോസ് റിജോണിനെയും ഫോഴ്‌സ ഇറക്കി. തൃശൂര്‍ മാര്‍കോവിച്ചിന് പകരം അലന്‍ ജോണിനെയും ഇറക്കി. എഴുപത്തിയഞ്ചാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കാന്‍ ലഭിച്ച അവസരം അഫ്‌സലിന് മുതലാക്കാനായില്ല. തൊട്ടു പിന്നാലെ കൊച്ചി നായകന്‍ അറ്റ്മാനേയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യപാദത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ തൃശൂര്‍ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 5572 കാണികള്‍ മത്സരം കാണാന്‍ ഗ്യാലറിയിലെത്തി.









