
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന് ഇന്ന് ഹോം ഗ്രൗണ്ടിലെ അവസാന പോരാട്ടം. നിലവിലെ ചാമ്പ്യന്മാരും നേരത്തെ സെമി ഉറപ്പിക്കുകയും ചെയ്്ത കാലിക്കറ്റ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വാരിയേഴ്സിന് ജയിച്ചേ മതിയാകൂ. എന്നാലും അവസാന നാലില്‍ ഇടംപിടിക്കുമെന്ന് ഉറപ്പില്ല. ഇന്നത്തെ കളിയും ഡിസംബര്‍ രണ്ടിന് തൃശൂരിനെതിരെ നടക്കുന്ന കളിയും വിജയിക്കുന്നതിനോടൊപ്പം മറ്റ് മത്സരങ്ങളുടെ ഫലവുമനുസരിച്ചായിരിക്കും അവരുടെ സെമി സാധ്യതകള്‍.
നിലവില്‍ എട്ട് കളികളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി നേരത്തെ തന്നെ സെമി ഉറപ്പിച്ചു. എട്ട് കളികളില്‍ നിന്ന്് അവര്‍ 17 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത്് 9 എണ്ണം. അതേസമയം കണ്ണൂര്‍ വാരിയേഴ്സ് എട്ട് കളികളില്‍ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 10 ഗോളുകള്‍ അടിച്ച അവര്‍ 13 എണ്ണം വഴങ്ങുകയും ചെയ്തു. സ്വന്തം തട്ടകമായ കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളിച്ച് നാലില്‍ ഒന്നും പോലും ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് അവര്‍ നേരിട്ടത്. അവസാന കളിയില്‍ ഫോഴ്സ കൊച്ചിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ന്നത്. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ കരകയറിയിട്ടുണ്ടാവില്ല.
ഇന്ന് കാലിക്കറ്റിനെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുമ്പോള്‍ ഫോഴ്‌സ കൊച്ചിക്കെതിരെ ഇറങ്ങിയ ആദ്യ ഇലനില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പ്രതിരോധത്തിലെ പാളിച്ചകളാണ് അവര്‍ക്ക് പല കളികളിലും തിരിച്ചടിയായത്. നിക്കോളാസ് ഡെല്‍മോണ്‍ടെ നേതൃത്വം നല്‍കുന്ന പ്രതിരോധം അമ്പേ പൊളിഞ്ഞതാണ് ഫോഴ്സക്കെതിരായ കളിയിലെ പരാജയത്തിന് പ്രധാന കാരണം. മാത്രമല്ല ഇന്ന് മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്‌സാംബ ഉണ്ടാകില്ല. ഫോഴ്സക്കെതിരായ കഴിഞ്ഞ കളിയില്‍ താരം പരിക്കേറ്റ് പുറത്തുപോയിരുന്നു. എന്നാല്‍ അസിയര്‍ ഗോമസ്, ടി. ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയവരുടെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. കാലിക്കറ്റിനെതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും.
നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചതിനാല്‍ ഇന്ന് ആദ്യ ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കളിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ സെമിയില്‍ പ്രവേശിച്ചത്. അതുകൊണ്ടു തന്നെ ഇതുവരെ ആദ്യ ഇലവനില്‍ കളിക്കാന്‍ കഴിയാതിരുന്ന താരങ്ങളെ ഇന്ന് ഇറക്കാനാണ് സാധ്യത. ഈ സീസണില്‍ ഏറ്റവും കരുത്തരായ ടീമാണ് കാലിക്കറ്റ് എഫ്സി. ഗോള്‍കീപ്പര്‍ ഹജ്മല്‍ മുതല്‍ പ്രതിരോധ, മധ്യനിര, മുന്നേറ്റ നിര താരങ്ങള്‍ വരെ ഒന്നിനൊന്നു മെച്ചപ്പെട്ടവരാണ്. ആറ് ഗോളുമായി ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സല്‍ അവരുടെ ഗോളടിയന്ത്രം. അജ്സലിന് മികച്ച പിന്തുണയുമായി നായകന്‍ പ്രശാന്തുമുണ്ട്. പ്രശാന്ത് മൂന്ന് ഗോളടിച്ചപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കുകയും ചെയ്തു. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഫെഡറിക്കോ ബോവാസോ, കൂട്ടിന് പെരേരയും അടങ്ങുമ്പോള്‍ ഇവരെ പിടിച്ചുകെട്ടുക എന്നതാണ് കണ്ണൂര്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. എന്തായാലും വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.









