
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 പ്രാഥമിക ഘട്ടത്തിലെ അഞ്ച് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. കളിച്ച എല്ലാ കളികളും ജയിച്ച് പ്രീമിയര്‍ ലീഗ് വമ്പന്‍ ടീം ആഴ്‌സണല്‍ ആധിപത്യം പ്രകടമാക്കി. ഒടുവില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ബുന്ദെസ് ലിഗ മുന്‍നിര ടീം ബയേണ്‍ മ്യൂണിക്കിനെ 3-1ന് തോല്‍പ്പിച്ചു.
സ്വന്തം തട്ടകം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളം നിറഞ്ഞ പ്രകടനവുമായാണ് മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ വിന്‍സെന്റ് കോംപനിയുടെ ബയേണിനെ തകര്‍ത്ത്. സ്‌കോര്‍ സൂചിപ്പിക്കം പോലെയാണ് കളിയും നീങ്ങിയത്. കളത്തില്‍ വ്യക്തമായ ആധിപത്യം ആതിഥേയര്‍ പുലര്‍ത്തി.
മത്സരം തുടങ്ങി 22-ാം മിനിറ്റില്‍ ജുറിയെന്‍ ടിംബെറിലൂടെ മുന്നിലെത്തിയ ആഴ്‌സണലിനെതിരെ ബയേണ്‍ പത്ത് മിനിറ്റിനകം ഗോള്‍ മടക്കി. ലെന്നാര്‍ട്ട് കാള്‍ ആണ് ഗോള്‍ നേടിയത്. സമനില പിണഞ്ഞെങ്കിലും ആഴ്‌സണല്‍ പതറാതെ ആക്രമിച്ചു തന്നെ മുന്നേറിക്കൊണ്ടിരുന്നു. ആദ്യപകുതി 1-1 സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ആഴ്‌സണല്‍ പ്രകടനത്തിനൊത്ത വമ്പുമായി സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മികച്ച കാഴ്‌ച്ചവിരുന്നൊരുക്കി. 69-ാം മിനിറ്റില്‍ നോനി മദ്യൂക്കെ ആഴ്‌സണലിന് വീണ്ടും ലീഡ് സമ്മാനിച്ചു. എട്ട് മിനിറ്റ് കൂടി കഴിഞ്ഞ് ഗബ്രിയേല്‍ മാര്‍ട്ടിനേലി തകര്‍പ്പന്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ അനായാസം ഫിനിഷ് ചെയ്ത് ആഴ്‌സണല്‍ ലീഡ് വീണ്ടും ഉയര്‍ത്തി.
ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണല്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് 15 പോയിന്റും നേടിക്കഴിഞ്ഞു. 14 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ആഴ്‌സണലിന് പിന്നിലുള്ള നാല് ടീമുകളും അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ചവരാണ്. മൂന്നാം സ്ഥാനക്കാരാണ് ഇന്നലെ ആഴ്‌സണല്‍ തോല്‍പ്പിച്ച ബയേണ്‍. രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്ജി ആണ്. നാലാം സ്ഥാനത്ത് ഇന്റര്‍ മിലാനും അഞ്ചാമത് റയല്‍ മാഡ്രിഡും.









