
നിവിൻ പോളി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ (ഡിസംബർ 25) ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നിവിൻ പോളിയുടെ നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടാകുമെന്ന സൂചനകൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് കോമ്പോയായ നിവിൻ പോളിയും അജു വർഗീസും പത്താം തവണ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Also Read: സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ്; പുതിയ ചരിത്രം കുറിക്കാൻ അല്ലു അർജുൻ
സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പ്രീതി മുകുന്ദനാണ് നായിക. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശരൺ വേലായുധൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ലക്ഷ്യമിട്ടാണ് സർവ്വം മായ എത്തുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും രാജീവൻ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ദൃശ്യഭംഗിക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഒന്നായിരിക്കും. ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തുന്നതോടെ നിവിൻ പോളിയുടെ പഴയ ആവേശകരമായ തിരിച്ചുവരവ് കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
The post ക്രിസ്മസ് വിരുന്നായി നിവിൻ പോളിയുടെ ‘സർവ്വം മായ’; നാളെ മുതൽ തിയേറ്ററുകളിൽ ചിരിപ്പൂരം appeared first on Express Kerala.









